
മടിക്കേരി : കുടകിലെ തടിയന്റെ മോൾ മലയിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നു. നാല് ദിവസമായിട്ടും യുവതിയെക്കുറിച്ച് വിവരമൊന്നും ലഭിക്കാത്തതിനെത്തുടർന്ന് സായുധരായ ആന്റി നക്സൽ ഫോഴ്സ് വനത്തിനുള്ളിൽ തിരച്ചിൽ ആരംഭിച്ചു.
കൊടുംകാട്ടിൽ ഓപ്പറേഷനുകൾ നടത്തി പരിചയമുള്ള കർണാടക ആന്റി നക്സൽ ഫോഴ്സിലെ അംഗങ്ങൾ ആയുധങ്ങളുമായാണ് വനത്തിനുള്ളിൽ തെരച്ചിൽ നടത്തുന്നത്. വനംവകുപ്പ്, പോലീസ് എന്നിവരടങ്ങുന്ന 60 പേരുടെ സംഘം നാല് ഗ്രൂപ്പുകളായി തിരിഞ്ഞാണ് കാട് അരിച്ചുപെറുക്കുന്നത്. ഡ്രോണുകളും സ്നിഫർ ഡോഗുകളെയും തിരച്ചിലിനായി നിയോഗിച്ചിട്ടുണ്ടെന്ന് കർണാടക സർക്കാർ അറിയിച്ചു.
ശരണ്യയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമാണെന്നും എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ച (ഏപ്രിൽ 2) രാവിലെ 7 മണിയോടെയാണ് ശരണ്യ ട്രക്കിങ് കേന്ദ്രത്തിലെത്തിയത്. ഓൺലൈൻ വഴി ബുക്ക് ചെയ്ത ബെംഗളൂരു, ഹൈദരാബാദ് സ്വദേശികളായ ഒമ്പത് പുരുഷന്മാരും ശരണ്യയും അടങ്ങുന്ന പത്തംഗ സംഘമാണ് മലകയറിയത്.
രാവിലെ 8.15ന് വനംവകുപ്പ് ഇവരെ കടത്തിവിട്ടു. ശരണ്യ ഒരു നായയുടെ കൂടെ കളിച്ചു നിൽക്കുന്നത് കണ്ടുവെന്ന് മടങ്ങി വന്നവർ പറഞ്ഞിരുന്നുവെന്നും ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ മറ്റുള്ളവർ താഴെയെത്തിയിട്ടും ശരണ്യ തിരിച്ചെത്താത്തതിനെത്തുടർന്നാണ് വനംവകുപ്പ് തിരച്ചിൽ ആരംഭിച്ചത്. ശരണ്യയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും കുടകിലുണ്ട്.