Banner Ads

ഇരട്ടി പിഴയിൽ നിന്നും മോചനം; ടോൾ നിരക്കിൽ പുതിയ മാറ്റവുമായി കേന്ദ്ര സർക്കാർ

കൊച്ചി : ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ പണമിടപാടുകൾ ഘട്ടംഘട്ടമായി നിർത്തലാക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനിച്ചു. ഫാസ്റ്റാഗ് ഇല്ലാത്ത വാഹനങ്ങൾ ടോൾ പ്ലാസയിൽ എത്തിയാൽ നിലവിൽ ഇരട്ടി തുക (200%) പിഴയായി നൽകണമായിരുന്നു.

ഏപ്രിൽ 10 മുതൽ യുപിഐ വഴി പണമടയ്ക്കുകയാണെങ്കിൽ ടോൾ നിരക്കിന്റെ 25 ശതമാനം മാത്രം അധികം നൽകിയാൽ മതിയാകും. ഉദാഹരണത്തിന് 100 രൂപ ടോൾ നൽകേണ്ട സ്ഥാനത്ത് യുപിഐ വഴി 125 രൂപ നൽകി യാത്ര തുടരാം. പണമായിട്ടാണ് നൽകുന്നതെങ്കിൽ 200 രൂപ തന്നെ നൽകേണ്ടി വരും.

ടോൾ പ്ലാസകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുക, തർക്കങ്ങൾ കുറയ്ക്കുക, ഡിജിറ്റൽ ഇന്ത്യ പദ്ധതിക്ക് കരുത്തേകുക എന്നിവയാണ് ഈ നീക്കത്തിന് പിന്നിൽ. 2026 ഏപ്രിലോടെ ടോൾ പ്ലാസകളിൽ പണമിടപാടുകൾ പൂർണ്ണമായും അവസാനിപ്പിച്ച് ഫാസ്റ്റാഗ് അല്ലെങ്കിൽ യുപിഐ വഴി മാത്രമുള്ള ഇടപാടുകളിലേക്ക് മാറാനാണ് സർക്കാർ പദ്ധതി.

ചില്ലറയെ ചൊല്ലിയുള്ള തർക്കങ്ങളും കാത്തിരിപ്പും ഒഴിവാക്കാം. എല്ലാ ഇടപാടുകളും ഡിജിറ്റൽ ആയതിനാൽ കൃത്യമായ കണക്കുകൾ ലഭ്യമാകും. ഫാസ്റ്റാഗ് എടുക്കാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ ഇരട്ടി തുക പിഴ നൽകുന്നതിൽ നിന്നും യുപിഐ പേയ്‌മെന്റ് ആശ്വാസം നൽകും.