Banner Ads

“വയനാട് ഫണ്ട് കണക്ക് മാധ്യമങ്ങളോട് പറയേണ്ടതില്ല”; സർക്കാരിനെതിരെ ആഞ്ഞടിച്ച് വി.ഡി. സതീശൻ.

കാസര്‍കോട്‍:വയനാട് പുനരധിവാസ ഫണ്ടുമായി ബന്ധപ്പെട്ട കണക്കുകൾ ഇപ്പോൾ മാധ്യമങ്ങളോട് വിശദീകരിക്കേണ്ട സാഹചര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പദ്ധതി പൂർണ്ണമായും നടപ്പിലാക്കിയ ശേഷം കൃത്യമായ കണക്കുകൾ ബോധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.വയനാട് വിഷയത്തിൽ മുഖ്യമന്ത്രി ഇതുവരെ കണക്കുകൾ വ്യക്തമാക്കാൻ തയ്യാറായിട്ടില്ലെന്ന് സതീശൻ കുറ്റപ്പെടുത്തി.

ഈ സാഹചര്യത്തിൽ പ്രതിപക്ഷത്തെ മാത്രം ഉന്നം വെക്കുന്നതിൽ അർത്ഥമില്ലെന്നും, ഉത്തരവാദിത്തപ്പെട്ടവർ കണക്ക് പറഞ്ഞ ശേഷം ബാക്കി കാര്യങ്ങൾ ആലോചിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവരുന്ന സർവേകളെയും സതീശൻ രൂക്ഷമായി വിമർശിച്ചു,ഇപ്പോൾ പുറത്തുവരുന്നത് വെറും ‘പെയ്ഡ്’ സർവേകളാണ്. ഇവ വിശ്വാസയോഗ്യമല്ല.

മുന്നണികൾ ഒപ്പത്തിനൊപ്പമാണെന്ന് വരുത്തിത്തീർക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നത്. ഇത് യഥാർത്ഥ ജനവികാരമല്ല.കേരളത്തിൽ യുഡിഎഫ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരും. 100-ലധികം സീറ്റുകൾ നേടി യുഡിഎഫ് കരുത്ത് തെളിയിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം ആവർത്തിച്ചു.