Banner Ads

നടുറോഡിൽ കയ്യാങ്കളി: ശശി തരൂർ എംപിയുടെ ഗൺമാനെതിരെ കയ്യേറ്റ ശ്രമം!

ഗതാഗതക്കുരുക്കിനിടയിൽ ഹോണടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ശശി തരൂർ എംപിയുടെ ഗൺമാനെതിരെ കയ്യേറ്റ ശ്രമം. മലപ്പുറം ജില്ലയിലെ വണ്ടൂർ ചെള്ളിത്തോടിൽ വെച്ച് ഇന്നലെ രാത്രി ഏഴു മണിയോടെയാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട യാത്രയ്ക്കിടെ എംപിയുടെ കാർ വണ്ടൂർ ചെള്ളിത്തോടിൽ വെച്ച് ഗതാഗതക്കുരുക്കിൽപ്പെടുകയായിരുന്നു.

ഈ സമയം എംപിയുടെ കാർ ഡ്രൈവർ ഹോൺ മുഴക്കിയത് തൊട്ടുമുന്നിലുണ്ടായിരുന്ന വാഹനത്തിലെ യാത്രക്കാരെ പ്രകോപിപ്പിച്ചു.പ്രകോപിതരായ സംഘം എംപിയുടെ കാറിന് തടസ്സം സൃഷ്ടിക്കുകയും കാറിന്റെ ബോണറ്റിൽ ഇടിച്ച് അസഭ്യം പറയുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ഇത് ചോദ്യം ചെയ്യാനായി കാറിൽ നിന്നിറങ്ങിയ ഗൺമാനെ സംഘം ശാരീരികമായി കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയായിരുന്നു.സംഭവമറിഞ്ഞ് ഉടൻ തന്നെ വണ്ടൂർ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കി.

അക്രമം നടത്തിയ സംഘത്തിലെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.സംഭവസ്ഥലത്തുണ്ടായിരുന്ന രണ്ട് വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.കണ്ടാലറിയാവുന്ന നാലു പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.പ്രതികളെ ചോദ്യം ചെയ്തു വരികയാണെന്നും കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും വണ്ടൂർ പൊലീസ് അറിയിച്ചു.