
തിരുവല്ല : ശബരിമലയിലെ സ്വർണ്ണക്കൊള്ള ഉന്നയിച്ച് സംസ്ഥാന സർക്കാരിനും കോൺഗ്രസിനും എതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവല്ലയിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വർണ്ണക്കൊള്ളയിലൂടെ ശബരിമലയുടെ പവിത്രത കളങ്കപ്പെടുത്താനാണ് ശ്രമം നടന്നതെന്നും എൻഡിഎ അധികാരത്തിലെത്തിയാൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. സ്വർണ്ണക്കൊള്ളയുടെ ചരട് കോൺഗ്രസിന്റെ ഉന്നത നേതൃത്വത്തിന്റെ കൈകളിലാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.
കേന്ദ്ര സർക്കാർ കൊണ്ടുവന്ന എഫ് സി ആർ എ നിയമഭേദഗതിയിൽ പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി. സിഎഎ, കാശ്മീർ പുനസംഘടന എന്നീ വിഷയങ്ങളിലെന്നപോലെ ഇപ്പോഴും നുണപ്രചാരണമാണ് നടക്കുന്നത്. മലയാളികൾക്ക് വിഷു, ഈസ്റ്റർ ആശംസകൾ നേർന്നുകൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.