
തിരുവല്ല : നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കവെ എൻഡിഎ സ്ഥാനാർത്ഥികൾക്ക് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലെത്തി. ചങ്ങനാശ്ശേരി എൻഎസ്എസ് ഹിന്ദു കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറങ്ങിയ നരേന്ദ്ര മോദി റോഡ് മാർഗം തിരുവല്ലയിലേക്ക് തിരിച്ചു.
വഴിനീളെ പ്രധാനമന്ത്രിയെ കാണാൻ ആളുകൾ തടിച്ചുകൂടിയിട്ടുണ്ട്. റോഡ് ഷോ ഇല്ലെങ്കിലും പ്രവർത്തകരെ അഭിവാദ്യം ചെയ്തുകൊണ്ടാണ് മോദിയുടെ യാത്ര. ചങ്ങനാശ്ശേരിയിൽ നിന്നും എട്ടുകിലോമീറ്റർ ദൂരം യാത്ര ചെയ്താണ് തിരുവല്ലയിലെ ചടങ്ങിലേക്ക് എത്തുന്നത്. വൈകിട്ട് നാലുമണിക്ക് തിരുവല്ലയിൽ 11 സ്ഥാനാർത്ഥികൾ പങ്കെടുക്കുന്ന വൻ പൊതുസമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും.
എഫ്സിആർഎ ബില്ലിലെ ഭേദഗതി ഉൾപ്പെടെ വിവാദമായ പശ്ചാത്തലത്തിൽ മോദിയുടെ സന്ദർശനം ശ്രദ്ധേയമാണ്. ക്രൈസ്തവ ഭൂരിപക്ഷ മണ്ഡലമായ തിരുവല്ലയിൽ പ്രധാനമന്ത്രി എന്ത് പറയുമെന്നത് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു. എൻഡിഎ ക്യാമ്പിന് കരുത്തുപകരാൻ കേന്ദ്ര നേതാക്കളുടെ വൻനിര തന്നെ കേരളത്തിലെത്തുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.