Banner Ads

പ്രവാസികൾക്ക് കൈത്താങ്ങായി കുവൈത്ത്; കാലാവധി ഒരു മാസം കൂടി നീട്ടി

കുവൈത്ത് സിറ്റി : കുവൈത്തിൽ ബിസിനസ്, ഫാമിലി, ടൂറിസ്റ്റ് വിസിറ്റ് വിസകളുടെ കാലാവധി ഒരു മാസം കൂടി നീട്ടി നൽകിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിമാനത്താവളം അടച്ചതും പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളും കണക്കിലെടുത്താണ് തീരുമാനം.

വിസ കാലാവധി സ്വമേധയാ പുതുക്കപ്പെടുമെന്നും ഇതിനായി റെസിഡൻസ് അഫയേഴ്സ് വകുപ്പിൽ നേരിട്ട് പോകേണ്ടതില്ലെന്നും സുരക്ഷാ മീഡിയ ഡയറക്ടർ കേണൽ ഉസ്മാൻ അൽ-ഘരീബ് വ്യക്തമാക്കി. 2026 ഫെബ്രുവരി 28 മുതൽ കാലാവധി കഴിഞ്ഞതോ ഉടൻ അവസാനിക്കുന്നതോ ആയ എല്ലാ വിസിറ്റ് വിസകൾക്കും ഈ ആനുകൂല്യം ലഭിക്കും.

ഇലക്ട്രോണിക് സംവിധാനം വഴി സ്വമേധയാ കാലാവധി നീട്ടുന്നതിനാൽ പിഴയോ മറ്റ് ഫീസുകളോ ഈടാക്കില്ല. കൂടാതെ രാജ്യത്തിന് പുറത്തുള്ള റെസിഡൻസി ഉടമകൾക്ക് അനുവദിച്ച സമയപരിധിക്കുള്ളിൽ തിരിച്ചെത്താൻ കഴിയാത്തവർക്ക് മൂന്ന് മാസത്തെ അധിക അനുമതിയും മന്ത്രാലയം പ്രഖ്യാപിച്ചു. സാഹചര്യങ്ങൾക്കനുസരിച്ച് കാലാവധി ഇനിയും നീട്ടാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.