
യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമ്മ പുതുക്കി വിശ്വാസികൾ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. മനുഷ്യരാശിയുടെ പാപപരിഹാരത്തിനായി സ്വയം ബലിയായിത്തീർന്ന ക്രിസ്തുവിന്റെ ത്യാഗത്തെ അനുസ്മരിച്ച് ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിന്റെ വഴിയും നടന്നു വരുന്നു. ക്രിസ്തുവിന്റെ അന്ത്യയാത്രയിലെ 14 സംഭവങ്ങൾ കോർത്തിണക്കിയുള്ള കുരിശിന്റെ വഴിയാണ് ഈ ദിവസത്തെ പ്രധാന കർമ്മം.
മലയാറ്റൂർ കുരിശുമുടി ഉൾപ്പെടെയുള്ള തീർത്ഥാടന കേന്ദ്രങ്ങളിൽ പുലർച്ചെ മുതൽ തന്നെ വിശ്വാസികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. 40 ദിവസത്തെ നോമ്പിന്റെ വിശുദ്ധിയിൽ മൂന്നാം നാൾ സംഭവിക്കാനിരിക്കുന്ന ഉയിർപ്പിന്റെ പ്രത്യാശയോടെ വിശ്വാസികൾ പ്രാർത്ഥനാപൂർവ്വം ഈ ദിനം ചിലവഴിക്കുന്നു.