
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആസ്പത്രി പരിസരത്തെ പാർക്കിംഗ് ഗ്രൗണ്ടിൽ ഉപേക്ഷിച്ച നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് (വ്യാഴാഴ്ച) രാവിലെയാണ് സംഭവം പുറംലോകമറിഞ്ഞത്. പാർക്കിംഗ് ഗ്രൗണ്ടിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരാണ് മൃതദേഹം ആദ്യം ശ്രദ്ധിച്ചത്. ഉടൻ തന്നെ അധികൃതരെയും പോലീസിനെയും വിവരമറിയിച്ചു.
മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹമാണിതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം നിലവിൽ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.മൃതദേഹം എങ്ങനെ പാർക്കിംഗ് ഗ്രൗണ്ടിൽ എത്തിയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി അന്വേഷണം ആരംഭിച്ചു.
മൃതദേഹം ഉപേക്ഷിച്ചവരെ കണ്ടെത്താനായി പാർക്കിംഗ് ഗ്രൗണ്ടിലെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.കഴിഞ്ഞ ദിവസങ്ങളിൽ ആസ്പത്രിയിൽ നടന്ന പ്രസവങ്ങൾ, ഡിസ്ചാർജ് വിവരങ്ങൾ എന്നിവയും പോലീസ് ശേഖരിക്കുന്നുണ്ട്.