
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നഗരത്തിലുടനീളം മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം സഹിതം എൽഡിഎഫ് സ്ഥാപിച്ച ബോർഡുകളാണ് ഇപ്പോൾ യുഡിഎഫ് പ്രവർത്തകർ തന്ത്രപരമായി പ്രചാരണത്തിന് ഉപയോഗിക്കുന്നത്. “എൽഡിഎഫ് അല്ലാതെ മറ്റാര്?” എന്ന എൽഡിഎഫിന്റെ പരസ്യവാചകത്തിന് യുഡിഎഫ് നൽകുന്ന മറുപടിയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
എൽഡിഎഫ് ബോർഡുകൾക്ക് തൊട്ടുതാഴെ നടപ്പാതയിലാണ് യുഡിഎഫ് പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. “സ്വർണ്ണം കട്ടത് ആരപ്പാ? ഉത്തരം അറിയാൻ മുകളിലേക്ക് നോക്കൂ” എന്നാണ് ഈ പോസ്റ്ററുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.ഈ പോസ്റ്ററിന് മുകളിൽ നിന്ന് കാൽനടയാത്രക്കാർ മുകളിലെ എൽഡിഎഫ് ബോർഡിലേക്ക് നോക്കുമ്പോൾ കാണുന്നത് “എൽഡിഎഫ് അല്ലാതെ മറ്റാര്?” എന്ന വാചകമാണ്.
ഇതിലൂടെ സ്വർണ്ണക്കടത്ത് ആരോപണങ്ങളിൽ മറുപടി പറയേണ്ടത് എൽഡിഎഫ് ആണെന്ന തരത്തിലാണ് യുഡിഎഫ് പരിഹാസം തൊടുത്തുവിടുന്നത്.സ്റ്റാച്യു ഉൾപ്പെടെ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഇത്തരം പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. ഇതിന്റെ ദൃശ്യങ്ങൾ പകർത്തി യുഡിഎഫ് അനുകൂല പ്രൊഫൈലുകൾ വൻതോതിൽ പ്രചരിപ്പിക്കുന്നുണ്ട്. എതിരാളികളുടെ പരസ്യം തന്നെ അവർക്കെതിരെയുള്ള ആയുധമാക്കുന്ന യുഡിഎഫിന്റെ ഈ ബുദ്ധിപരമായ നീക്കം വോട്ടർമാരെ ആകർഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.