
കൊച്ചി : യുവനടി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന് വേണ്ടി ഹാജരാകുന്നതിൽ നിന്നും അഭിഭാഷകൻ മുഹമ്മദ് സിയാദ് പിന്മാറി. സിനിമയിലെ ആഭ്യന്തര പരാതി പരിഹാര സമിതി അംഗമായിരുന്ന സിയാദ് പ്രതിഭാഗത്തിന് വേണ്ടി വക്കാലത്ത് ഏറ്റെടുത്തത് വലിയ ധാർമ്മിക ചോദ്യങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു.
ഐസിസി അംഗമായിരുന്ന വ്യക്തി തന്നെ പ്രതിക്ക് വേണ്ടി കോടതിയിലെത്തുന്നത് ഇരയോടുള്ള അനീതിയാണെന്ന വിമർശനം ശക്തമായതോടെയാണ് പിന്മാറ്റം. അനാവശ്യ വിവാദങ്ങളിലേക്ക് തന്റെ പേര് വലിച്ചിഴച്ചതിനാലാണ് ഈ തീരുമാനമെന്ന് സിയാദ് വ്യക്തമാക്കി.
വക്കാലത്ത് ഏറ്റെടുക്കുന്നതിന് മുൻപ് ഐസിസി അംഗത്വം രാജിവെച്ചിരുന്നു. കൂടാതെ പരാതിക്കാരിയായ നടി ഐസിസിക്ക് മുൻപാകെ പരാതി നൽകിയിരുന്നില്ലെന്നും അദ്ദേഹം ആവർത്തിച്ചു. വക്കാലത്ത് ഏറ്റെടുത്ത് 24 മണിക്കൂർ തികയും മുൻപേയാണ് അഭിഭാഷകൻ നിലപാട് തിരുത്തിയത്.