Banner Ads

അമ്മയ്‌ക്കൊപ്പം ആശുപത്രിയിലെത്തിയ പെൺകുട്ടിക്ക് നേരെ അതിക്രമം; പ്രതിക്ക് ഒൻപത് വർഷം കഠിനതടവ്

ആലപ്പുഴ : വണ്ടാനം മെഡിക്കൽ കോളേജിൽ വെച്ച് 12 വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് ഒൻപത് വർഷം കഠിനതടവ്. പുന്നപ്ര സ്വദേശി അരുണിനെ (28) ആണ് കോടതി ശിക്ഷിച്ചത്. തടവുശിക്ഷയ്ക്ക് പുറമെ 70000 രൂപ പിഴയൊടുക്കാനും ഉത്തരവിട്ടു. ഹരിപ്പാട് പോക്സോ കോടതി ജഡ്ജി ഹരീഷ് ജി ആണ് വിധി പ്രസ്താവിച്ചത്.

2024 മെയ് 13 നായിരുന്നു സംഭവം. വണ്ടാനം മെഡിക്കൽ കോളേജിലെ പന്ത്രണ്ടാം വാർഡിൽ ചികിത്സയിലായിരുന്ന അമ്മയ്‌ക്കൊപ്പമാണ് പെൺകുട്ടി ആശുപത്രിയിലെത്തിയത്. രാവിലെ 11 മണിയോടെ പെൺകുട്ടി ബാത്റൂമിൽ കയറിയ സമയം പിന്തുടർന്നെത്തിയ പ്രതി വാതിൽ തള്ളിത്തുറന്ന് അകത്തുകയറി കുട്ടിയെ ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്തു എന്നാണ് കേസ്.

പ്രതി പിഴത്തുക അടയ്ക്കാത്ത പക്ഷം അധിക തടവ് അനുഭവിക്കേണ്ടി വരും. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് രഘു കോടതിയിൽ ഹാജരായി. ആശുപത്രി പോലുള്ള പൊതുവിടങ്ങളിൽ പോലും കുട്ടികൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ ഗൗരവകരമാണെന്ന് കോടതി നിരീക്ഷിച്ചു.