
കൊച്ചി: ജീവിതത്തിന്റെ അവസാന നിമിഷത്തിലും ജനാധിപത്യത്തോടുള്ള തന്റെ പ്രതിബദ്ധത തെളിയിച്ച് തൊണ്ണൂറ്റണ്ടുകാരനായ ലോനപ്പൻ മടങ്ങി. വീട്ടിൽ വോട്ട് (Home Voting) രേഖപ്പെടുത്തിയതിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. എറണാകുളം കച്ചേരിപ്പടി ഹൗസ് ഓഫ് പ്രൊവിഡൻസിലെ അന്തേവാസിയും തേവര കോന്തുരുത്തി കുട്ടംപറമ്പിൽ സ്വദേശിയുമാണ് അന്തരിച്ച ലോനപ്പൻ.
85 വയസ്സിന് മുകളിലുള്ളവർക്കായി തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയ ‘വീട്ടിൽ വോട്ട്’ സൗകര്യത്തിലൂടെയാണ് ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ലോനപ്പൻ തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ചത്. പ്രൊവിഡൻസ് ഹോമിലെത്തിയ ഉദ്യോഗസ്ഥർക്ക് മുന്നിൽ ആവേശത്തോടെ വോട്ട് രേഖപ്പെടുത്തിയ അദ്ദേഹം, മറ്റു അന്തേവാസികൾക്കും ഒരു പ്രചോദനമായി.വോട്ട് രേഖപ്പെടുത്തി അധികം വൈകാതെ തന്നെ ലോനപ്പന്റെ ആരോഗ്യനില വഷളായി.
ദീർഘനാളായി ശ്വാസതടസ്സവും ചുമയും അദ്ദേഹത്തെ അലട്ടിയിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. 2016 മുതൽ സിസ്റ്റർമാരുടെ പരിചരണത്തിൽ പ്രൊവിഡൻസ് ഹോമിലായിരുന്നു താമസം. 12 വർഷം മുൻപ് ഭാര്യ മരിച്ച ലോനപ്പന് മക്കളില്ല.തന്റെ ശാരീരിക അവശതകൾക്കിടയിലും വോട്ട് ചെയ്യണമെന്ന ലോനപ്പന്റെ ഉറച്ച തീരുമാനം ജനാധിപത്യ പ്രക്രിയയിൽ ഓരോ വോട്ടിനുമുള്ള പ്രാധാന്യത്തെ വിളിച്ചോതുന്നതാണ്. വൈകുന്നേരത്തോടെ ലോനപ്പന്റെ സംസ്കാര ചടങ്ങുകൾ നടന്നു. ജനാധിപത്യത്തിന്റെ കാവലാളായി അവസാന നിമിഷം വരെ നിലകൊണ്ട ആ വിരൽത്തുമ്പിലെ മഷി അടയാളം നാടിന് ഒരു വലിയ ഓർമ്മപ്പെടുത്തലായി.