Banner Ads

എൽഐസി നിക്ഷേപത്തിൽ തട്ടിപ്പ്; അംബാനിക്കെതിരെ സിബിഐ

ദില്ലി : റിലയൻസ് കമ്മ്യൂണിക്കേഷൻസ് തലവൻ അനിൽ അംബാനിക്കെതിരെ 4500 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പിന് സിബിഐ കേസെടുത്തു. വ്യാജ രേഖകൾ ചമച്ച് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനെ (എൽഐ സി) കബളിപ്പിച്ചു എന്ന പരാതിയിലാണ് കേസെടുത്തത്.

കമ്പനിയുടെ സാമ്പത്തിക നില സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകി 4500 കോടി രൂപയുടെ നോൺ-കൺവേർട്ടിബിൾ ഡിബെഞ്ചറുകളിൽ എൽഐസിയെ നിക്ഷേപിക്കാൻ പ്രേരിപ്പിച്ചതായാണ് ആരോപണം. ബാങ്കുകളിൽ നിന്നും മറ്റ് സാമ്പത്തിക സ്ഥാപനങ്ങളിൽ നിന്നും സമാഹരിച്ച ഫണ്ടുകൾ വ്യാജ ബില്ലുകൾ നിർമ്മിച്ച് അനുബന്ധ കമ്പനികളിലേക്ക് മാറ്റിയതായും ആരോപണമുണ്ട്.

2020 ഒക്ടോബറിൽ ബിഡിഒ ഇന്ത്യ നടത്തിയ ഫോറൻസിക് ഓഡിറ്റിലാണ് തിരിമറികൾ കണ്ടെത്തിയത്. ഗൂഢാലോചന, വഞ്ചന, ഫണ്ട് ദുരുപയോഗം, അഴിമതി നിരോധന നിയമപ്രകാരമുള്ള വിവിധ വകുപ്പുകൾ ചേർത്താണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിനു മുമ്പും വഞ്ചനാക്കേസുകളിൽ അനിൽ അംബാനിക്കെതിരെ മൂന്ന് കേസുകൾ സിബിഐ എടുത്തിരുന്നു.