
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകളെയും പ്രസ്താവനകളെയും കടുത്ത ഭാഷയിൽ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പരസ്പരവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് മറുപടിയില്ലാതെ ‘കണ്ടം വഴി ഓടുന്ന’ മുഖ്യമന്ത്രിയുമായി എങ്ങനെയാണ് ഫേസ്ബുക്ക് വഴി സംവാദം നടത്തുന്നതെന്ന് അദ്ദേഹം ചോദിച്ചു.സിപിഎം വിട്ട ജി. സുധാകരനെതിരെ മുഖ്യമന്ത്രി നടത്തുന്ന പ്രസ്താവനകൾ അങ്ങേയറ്റം വിലകുറഞ്ഞതാണെന്ന് സതീശൻ കുറ്റപ്പെടുത്തി.
സിപിഎമ്മിൽ നിന്ന് വന്നവർക്ക് കോൺഗ്രസ് പിന്തുണ നൽകാൻ പാടില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തിലെ ഇരട്ടത്താപ്പും അദ്ദേഹം ചൂണ്ടിക്കാട്ടി. “ലീഗ് വിട്ടുവന്ന കെ.ടി. ജലീലിനെ ഇടതുപക്ഷം സ്ഥാനാർത്ഥിയാക്കിയില്ലേ? അന്ന് ഇല്ലാത്ത എന്ത് ചട്ടമാണ് ഇപ്പോൾ സുധാകരന്റെ കാര്യത്തിൽ ഉള്ളത്?” – സതീശൻ ചോദിച്ചു.മുഖ്യമന്ത്രിക്ക് ഫേസ്ബുക്ക് വഴി സംവാദം നടത്താനാണ് താല്പര്യമെന്നും എന്നാൽ താൻ തയ്യാറല്ലെന്നും സതീശൻ വ്യക്തമാക്കി.നേരിട്ടുള്ള സംവാദമാണെങ്കിൽ ചോദ്യങ്ങൾക്ക് അപ്പോൾ തന്നെ മറുപടി നൽകേണ്ടി വരും.
പിറ്റേദിവസം വരെ ആലോചിച്ചു മറുപടി പറയാൻ കഴിയില്ലെന്ന ഭയമാണ് മുഖ്യമന്ത്രിയെ നേരിട്ടുള്ള ചർച്ചയിൽ നിന്ന് പിന്തിരിപ്പിക്കുന്നത്.വികസനം, ശബരിമല, സ്വർണ്ണക്കടത്ത്, രാഷ്ട്രീയ ഡീലുകൾ തുടങ്ങി ഏത് വിഷയത്തിലും സംവാദത്തിന് താൻ തയ്യാറാണെന്നും മുഖ്യമന്ത്രിക്ക് അതിന് ധൈര്യമുണ്ടോ എന്നും അദ്ദേഹം വെല്ലുവിളിച്ചു.ജനസംഘം വർഗീയ പാർട്ടിയല്ലെന്ന് പണ്ട് പറഞ്ഞ പ്രസ്ഥാനമാണ് സിപിഎമ്മെന്നും ദേശാഭിമാനി അക്കാര്യം എഡിറ്റോറിയൽ എഴുതിയിട്ടുണ്ടെന്നും സതീശൻ ഓർമ്മിപ്പിച്ചു. പറഞ്ഞ കാര്യങ്ങൾ പെട്ടെന്ന് മറന്നുപോകുന്ന സ്വഭാവമാണ് മുഖ്യമന്ത്രിയുടേതെന്നും, അൽഫോൺസ് കണ്ണന്താനത്തെപ്പോലെയുള്ള ഉദാഹരണങ്ങൾ അതിന് തെളിവാണെന്നും അദ്ദേഹം പരിഹസിച്ചു.