Banner Ads

ജാതിയല്ല, ഒരുമയാണ് കേരളത്തിന്റെ കരുത്ത്; എൽഡിഎഫ് വേദിയിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് തേജസ്വി യാദവ്

മലപ്പുറം : പൊന്നാനിയിലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ ബിജെപി സർക്കാരിനും സംഘപരിവാറിനുമെതിരെ കടുത്ത വിമർശനവുമായി ആർജെഡി നേതാവ് തേജസ്വി യാദവ്. സാമൂഹിക സുരക്ഷയിലും വിദ്യാഭ്യാസത്തിലും കേരളം കൈവരിച്ച നേട്ടങ്ങൾ അഭിനന്ദനാർഹമാണെന്ന് തേജസ്വി യാദവ് പറഞ്ഞു.

ബിഹാർ എന്നെങ്കിലും കേരളത്തെപ്പോലെയാകണം എന്നാണ് ആഗ്രഹം. ജാതി വിവേചനമില്ലാതെ എല്ലാവരെയും ഒരുമിച്ച് നിർത്തുന്ന പോരാട്ട വീര്യം കേരളത്തിന്റെ പ്രത്യേകതയാണ്. പ്രളയത്തെയും കോവിഡിനെയും അതിജീവിച്ച പിണറായി സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ രാജ്യത്തിന് തന്നെ മാതൃകയാണെന്നും തേജസ്വി യാദവ് വ്യക്തമാക്കി. ബിജെപിക്ക് ഭരണഘടനയല്ല മറിച്ച് ആർഎസ്എസ് ഗുരുക്കന്മാർ എഴുതിയ പുസ്തകങ്ങളാണ് വലുത്.

അത്തരം ആശയങ്ങൾ രാജ്യത്തിന് ആവശ്യമില്ല. ബിജെപി രാജ്യത്തുടനീളം വെറുപ്പിന്റെ രാഷ്ട്രീയമാണ് പ്രചരിപ്പിക്കുന്നത്. രാജ്യത്തെ യുവാക്കൾക്ക് മുദ്രാവാക്യങ്ങൾ കൊണ്ട് കാര്യമില്ല. അവർക്ക് തൊഴിലും മൂലധന നിക്ഷേപവുമാണ് വേണ്ടത്. പ്രധാനമന്ത്രിക്ക് രാജ്യത്തെ ആഭ്യന്തര കാര്യങ്ങളിൽ ശ്രദ്ധയില്ലെന്നും തേജസ്വി യാദവ് കൂട്ടിച്ചേർത്തു.