Banner Ads

ആകാശം തൊട്ട് ഇന്ധനവില; വിമാനയാത്ര ഇനി പൊള്ളും, ചരിത്രത്തിലാദ്യമായി എടിഎഫ് വില രണ്ട് ലക്ഷം കടന്നു

ദില്ലി : രാജ്യത്ത് വിമാന ഇന്ധനവില റെക്കോർഡ് ഉയരത്തിൽ. ചരിത്രത്തിലാദ്യമായി വിമാന ഇന്ധനവില കിലോലിറ്ററിന് രണ്ട് ലക്ഷം രൂപ കടന്നു. ഇന്ന് എടിഎഫ് കിലോ ലിറ്ററിന് ദില്ലിയിലെ വില 207341 രൂപയാണ്. കഴിഞ്ഞ മാർച്ചിൽ 96638 രൂപയായിരുന്നു. ഒറ്റയടിക്ക് 115 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അന്താരാഷ്ട്ര സർവീസുകൾക്ക് ഏകദേശം 107 ശതമാനവും ആഭ്യന്തര സർവീസുകൾക്ക് 115 ശതമാനവും വർധിച്ചു. ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം അടുത്തിടെ നീക്കം ചെയ്തിരുന്നു. ഇതോടെ വിമാനക്കമ്പനികൾക്ക് സ്വതന്ത്രമായി നിരക്ക് നിശ്ചയിക്കാം. ഒരു വിമാന സർവീസിന്റെ ആകെ ചെലവിൽ 40 ശതമാനത്തോളം ഇന്ധനത്തിനാണ് നീക്കിവെക്കുന്നത്.

ടിക്കറ്റ് നിരക്കുകൾ അന്യായമായി വർധിപ്പിക്കുന്നത് ഗൗരവമായി കാണുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം വ്യക്തമാക്കി. പൊതുതാൽപ്പര്യം മുൻനിർത്തി ആവശ്യമെങ്കിൽ നിരക്കുകളിൽ വീണ്ടും പരിധി ഏർപ്പെടുത്തിയേക്കുമെന്നും മന്ത്രാലയം സൂചിപ്പിച്ചു. നേരത്തെ 2025 ഡിസംബറിൽ ഇൻഡിഗോ സർവീസുകൾ തടസ്സപ്പെട്ടതിനെത്തുടർന്ന് നിരക്ക് കുതിച്ചുയർന്നപ്പോൾ കേന്ദ്രം ഇടപെട്ടിരുന്നു.