
പാലക്കാട്: പട്ടാമ്പി താലൂക്കിൽ ഹോം വോട്ടിങ് ആരംഭിച്ചു. ഇതിനായി 37 ടീമുകളെയാണ് വിന്യസിച്ചിരിക്കുന്നത്. ഭിന്നശേഷിക്കാര്‍, കിടപ്പുരോഗികള്‍ എന്നിവർക്കായാണ് ഉദ്യോഗസ്ഥർ വീടുകളിലെത്തി വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ 85 വയസിനു മുകളില്‍ പ്രായമുള്ളവര്‍, പി.ഡബ്ല്യൂ.ഡി വിഭാഗക്കാരായ ഭിന്നശേഷിക്കാര്‍, കിടപ്പുരോഗികള്‍ എന്നിവർക്ക് സമ്മതിദാന അവകാശം രേഖപ്പെടുത്തുന്നതിനാണ് ഹോം വോട്ടിങ് ആരംഭിച്ചത്.
പട്ടാമ്പി മണ്ഡലത്തിൽ 19 ടീമും തൃത്താല മണ്ഡലത്തിൽ 18 ടീമും ആണ് ഹോം വോട്ടിങ് പ്രക്രിയകൾക്ക് വിന്യസിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥ സംഘത്തില്‍ പോളിങ് ഓഫീസര്‍, പോളിങ് അസിസ്റ്റന്റ്, മൈക്രോ ഒബ്സര്‍വര്‍, വീഡിയോഗ്രാഫര്‍, പോലീസ് ഉദ്യോഗസ്ഥന് എന്നിവര്‍ ഉള്‍പ്പെടുന്നു. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സമയം.
പോളിങ് ബൂത്തുകളില്‍ നേരിട്ട് ചെന്ന് വോട്ട് ചെയ്യാന്‍ സാധിക്കാത്ത വ്യക്തികള്‍ക്കാണ് ഹോം വോട്ടിങ് സൗകര്യം ഒരുക്കിയിരിക്കുന്നത്. വോട്ടറുടെ സ്വകാര്യതയും വോട്ടിന്റെ രഹസ്യസ്വഭാവവും ഉറപ്പുവരുത്തിയാണ് വോട്ട് രേഖപ്പെടുത്തുന്നതിന് സൗകര്യമൊരുക്കുക. വോട്ടെടുപ്പിനു ശേഷം ബാലറ്റ് സുരക്ഷിതമായി സീല്‍ചെയ്ത് നിശ്ചിതകേന്ദ്രത്തിലെത്തിച്ച് സൂക്ഷിക്കും. പട്ടാമ്പി ബ്ലോക്ക് ഓഫീസ്, തൃത്താല ബ്ലോക്ക് ഓഫീസ് എന്നിവിടങ്ങളിലാണ് സ്ട്രോങ്ങ് റൂം ഒരുക്കിയിരിക്കുന്നത്.