Banner Ads

യാത്രക്കാരുടെ സുരക്ഷയിൽ ആശങ്ക; കല്ലേറിൽ വിദ്യാർത്ഥിനിക്ക് പരിക്കേറ്റ സംഭവത്തിൽ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.

കോഴിക്കോട് : ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ യാത്രക്കാരിയായ വിദ്യാർത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പുറമേരി സ്വദേശിനിയും ആലുവ യു.സി കോളേജ് വിദ്യാർത്ഥിനിയുമായ ഐശ്വര്യ രാമകൃഷ്ണനാണ് (22) ആക്രമണത്തിൽ പരിക്കേറ്റത്. കല്ലേറിൽ ഐശ്വര്യയുടെ താടിയെല്ലിന് പൊട്ടലേൽക്കുകയും പല്ലുകൾ നഷ്ടമാവുകയും ചെയ്തു.

ഇന്നലെ രാത്രി 9.50-ഓടെ കടലുണ്ടിക്കും ഫറോക്കിനും ഇടയിൽ വെച്ച് ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. ഇതേ സ്ഥലത്ത് വെച്ച് തന്നെ വന്ദേഭാരത് എക്സ്പ്രസിന് നേരെയും ആക്രമണമുണ്ടായി. സംഭവത്തിൽ പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജരും ഫറോക്ക് പോലീസ് അസിസ്റ്റന്റ് കമ്മീഷണറും അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു.

ദൃശ്യമാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ എടുത്ത കേസ് കോഴിക്കോട് നടക്കുന്ന അടുത്ത സിറ്റിംഗിൽ പരിഗണിക്കും. ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറുകൾ പതിവാകുന്നത് യാത്രക്കാരുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു. വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക് നേരെ നേരത്തെയും കല്ലേറുകൾ ഉണ്ടായിട്ടുണ്ടെങ്കിലും യാത്രക്കാർക്ക് ഇത്രയും ഗുരുതരമായി പരിക്കേൽക്കുന്നത് ആദ്യമായാണ്.