
കണ്ണൂർ: മരം മുറിക്കുന്നതിനിടെ അബോധാവസ്ഥയിലായി മരക്കൊമ്പുകൾക്കിടയിൽ കുടുങ്ങിയ തൊഴിലാളിയെ അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. ചിറക്കൽ സ്വദേശി ജോസിനെയാണ് (48) കണ്ണൂർ ഫയർഫോഴ്സ് യൂണിറ്റ് ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്. ചിറക്കൽ പഞ്ചായത്തിലെ രണ്ടാം വാർഡിൽ മന്ന പള്ളിക്കു സമീപം ഇന്ന് രാവിലെയായിരുന്നു സംഭവം.മരം മുറിക്കാനായി കയറിയ ജോസ് പാതിവഴിയിൽ വെച്ച് പെട്ടെന്ന് തളർന്നു വീഴുകയായിരുന്നു.
മരക്കൊമ്പുകൾക്കിടയിൽ അബോധാവസ്ഥയിൽ കുടുങ്ങിക്കിടക്കുന്ന ജോസിനെ കണ്ട നാട്ടുകാർ ഉടൻ തന്നെ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ സേനാംഗങ്ങൾ സേഫ്റ്റി ഹാർനെസുകളും റോപ്പ് റെസ്ക്യൂ ഉപകരണങ്ങളും ഉപയോഗിച്ച് മരത്തിൽ കയറി ജോസിനെ സുരക്ഷിതമായി താഴെയിറക്കി. ഉടൻ തന്നെ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടൽ വലിയൊരു ദുരന്തം ഒഴിവാക്കി.