
തൃശൂർ : ഒരുകാലത്ത് കെ കരുണാകരന്റെ ഉരുക്കുകോട്ടയായിരുന്ന തൃശൂർ സമീപകാലത്ത് ഇടതുപക്ഷത്തേക്ക് ചായുന്ന കാഴ്ചയാണ് കണ്ടത്. എന്നാൽ ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 13 മണ്ഡലങ്ങളിലും ചിത്രം മാറ്റിമറിക്കാൻ ഒരുങ്ങുകയാണ് യുഡിഎഫും എൻഡിഎയും.
2021ലെ തിരഞ്ഞെടുപ്പിൽ 13ൽ 12 സീറ്റുകളും നേടിയാണ് എൽഡിഎഫ് ആധിപത്യം ഉറപ്പിച്ചത്. കണ്ണൂർ കോട്ട പോലെ തൃശൂരും തങ്ങൾക്കൊപ്പം നിൽക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി. ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റി തൃശൂർ തിരിച്ചുപിടിക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്.
2021ൽ ചാലക്കുടിയിൽ മാത്രമൊതുങ്ങിയ യുഡിഎഫ് ഇത്തവണ ശക്തമായ പടയൊരുക്കമാണ് നടത്തുന്നത്. സുരേഷ് ഗോപിയിലൂടെ തൃശൂർ ലോക്സഭാ മണ്ഡലം പിടിച്ചെടുത്തത് എൻഡിഎയ്ക്ക് പുത്തൻ ഉണർവ് നൽകിയിട്ടുണ്ട്. നിയമസഭയിലും ഇതേ വിജയം ആവർത്തിക്കാനാണ് ബിജെപിയുടെ നീക്കം.
ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി, ഒല്ലൂര്‍, തൃശൂര്‍, നാട്ടിക, ഇരിഞ്ഞാലക്കുട, പുതുക്കാട്, ഗുരുവായൂര്‍, മണലൂര്‍, കയ്പമംഗലം , കൊടുങ്ങല്ലൂര്‍, ചാലക്കുടി എന്നീ മണ്ഡലങ്ങളാണ് തൃശ്ശൂരിലുള്ളത്.