
കോട്ടയം:കേരളത്തിലെ തിരഞ്ഞെടുപ്പ് ഗോദയിൽ യുഡിഎഫിന് പുത്തനുണർവ് നൽകി രാഹുൽ ഗാന്ധിയുടെ കോട്ടയം സന്ദർശനം. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയോടുള്ള ആദരസൂചകമായി, താൻ നിർബന്ധമായും എത്തേണ്ട മണ്ഡലമാണിതെന്ന് സ്മരിച്ചുകൊണ്ടാണ് രാഹുൽ ഗാന്ധി പുതുപ്പള്ളിയിൽ പ്രസംഗം ആരംഭിച്ചത്. ഭാരത് ജോഡോ യാത്രയിൽ അനാരോഗ്യം വകവെക്കാതെ ഉമ്മൻചാണ്ടി പങ്കുചേർന്നത് അദ്ദേഹം അനുസ്മരിച്ചു.
യുഡിഎഫ് അധികാരത്തിൽ വന്നാൽ ചേരുന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ റബറിന്റെ താങ്ങുവില 250 രൂപയായി നിശ്ചയിക്കുമെന്ന് രാഹുൽ പ്രഖ്യാപിച്ചു.താങ്ങുവില ഘട്ടംഘട്ടമായി 300 രൂപയിലേക്ക് ഉയർത്തുമെന്നും അദ്ദേഹം കർഷകർക്ക് ഉറപ്പ് നൽകി.പത്ത് വർഷം ഭരണത്തിലിരുന്നിട്ടും റബർ കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്ത ഇടത് സർക്കാരിനെ രാഹുൽ രൂക്ഷമായി വിമർശിച്ചു. കർഷകരുടെ ദുരിതം കാണാത്ത ഭരണകൂടമാണ് കേരളത്തിലുള്ളതെന്ന് അദ്ദേഹം ആരോപിച്ചു.