Banner Ads

ആസ്തികൾ കണ്ടുകെട്ടാൻ കേന്ദ്രനീക്കം; ന്യൂനപക്ഷ സ്ഥാപനങ്ങളെ ശ്വാസംമുട്ടിക്കരുത്, പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : വിദേശ സംഭാവന സ്വീകരിക്കൽ നിയന്ത്രണ നിയമത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന പുതിയ ഭേദഗതികൾക്കെതിരെ ശക്തമായ വിയോജിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് മതന്യൂനപക്ഷങ്ങളുടെയും ധർമ്മസ്ഥാപനങ്ങളുടെയും ആസ്തികൾ കണ്ടുകെട്ടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

രജിസ്ട്രേഷൻ പുതുക്കുന്നതിലെ ചെറിയ സാങ്കേതിക പിഴവുകളോ കാലതാമസമോ ഉണ്ടായാൽ പോലും സ്ഥാപനങ്ങളുടെ വിദേശ സംഭാവനകളും ആസ്തികളും കേന്ദ്രം നിശ്ചയിക്കുന്ന അതോറിറ്റിയുടെ നിയന്ത്രണത്തിലേക്ക് മാറുന്നതാണ് പുതിയ വ്യവസ്ഥ. പൊതുതാൽപ്പര്യത്തിന് വിരുദ്ധമായ പ്രവർത്തനങ്ങൾ തടയാൻ 2010ലെ നിലവിലുള്ള നിയമം തന്നെ മതിയെന്നും പുതിയ ഭേദഗതികൾ അനാവശ്യമായ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കലാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ന്യൂനപക്ഷ വിഭാഗങ്ങളും വിവിധ മതവിഭാഗങ്ങളും ഉയർത്തുന്ന ആശങ്കകൾ പരിഹരിക്കാതെ ബില്ലുമായി മുന്നോട്ട് പോകരുത്. തികച്ചും സാങ്കേതികമായ കാരണങ്ങളാൽ വർഷങ്ങളായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ആസ്തികൾ ഏറ്റെടുക്കുന്നത് യുക്തിസഹമല്ല. അതിനാൽ ഈ ഭേദഗതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.