
തിരുവനന്തപുരം: വേനൽ ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് മഴ തുടരുന്നു. ഇന്നും വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏപ്രിൽ 2 വരെ സംസ്ഥാനത്ത് മഴ തുടരാനാണ് സാധ്യത. മഴയ്ക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും ശക്തമായ ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്നലെ സാമാന്യം ശക്തമായ മഴ ലഭിച്ചു.തലസ്ഥാന നഗരിയിൽ വൈകിട്ടോടെ ആരംഭിച്ച മഴ ഒരു മണിക്കൂറോളം നീണ്ടുനിന്നു. മലയോര മേഖലകളിൽ മഴ ശക്തമായിരുന്നു. തിരുവനന്തപുരത്ത് മൂന്ന് മണിക്കൂർ നേരത്തേക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു.കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ മഴയ്ക്കൊപ്പം 40 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശാൻ സാധ്യതയുണ്ട്.