Banner Ads

കൽപ്പാത്തിയിൽ നിന്ന് കാശിയിലേക്ക്; മാറാത്തത് ഇനി മാറും, വികസന ഗ്യാരണ്ടിയുമായി പ്രധാനമന്ത്രി

പാലക്കാട് : കേരളത്തിൽ മാറ്റത്തിന്റെ പുതിയ തരംഗം ആരംഭിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലക്കാട് കോട്ടമൈതാനത്ത് നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കൽപ്പാത്തി കാശിക്ക് സമാനമാണെന്നും വാരണാസിയിൽ നിന്നുള്ള ജനപ്രതിനിധിയായ തനിക്ക് പാലക്കാട് ഏറെ പ്രിയപ്പെട്ടതാണെന്നും മോദി പറഞ്ഞു.

ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമി, മന്നത്ത് പത്മനാഭൻ, അയ്യങ്കാളി, ചാവറ അച്ചൻ തുടങ്ങിയ കേരളത്തിലെ മഹാതേജസ്വികളെ സ്മരിച്ചുകൊണ്ടാണ് മോദി പ്രസംഗം തുടർന്നത്. സിപിഎം പറയുന്നു കോൺഗ്രസ് ബിജെപിയുടെ ബി ടീമാണെന്ന് കോൺഗ്രസ് തിരിച്ചും ഇതേ ആരോപണം ഉന്നയിക്കുന്നു.

ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. കേരളത്തിൽ ബിജെപി എ ടീമായി മാറിക്കഴിഞ്ഞു. ഇരുമുന്നണികളും ഒരുപോലെ ഭയക്കുന്നത് ബിജെപിയെയാണ്. പതിറ്റാണ്ടുകളായി കേരളത്തെ കൊള്ളയടിക്കുന്ന എൽഡിഎഫിനും യുഡിഎഫിനും ജനങ്ങൾ ഇത്തവണ മറുപടി നൽകും.

എൻഡിഎ അധികാരത്തിൽ വന്നാൽ മുൻ സർക്കാരുകളുടെ അഴിമതികളെക്കുറിച്ച് കർശനമായ അന്വേഷണം നടത്തുമെന്നും മോദി ഉറപ്പുനൽകി. മാറാത്തത് ഇനി മാറും എന്നതായിരുന്നു മോദിയുടെ പ്രധാന വാഗ്ദാനം. വികസനം തന്റെ ഗ്യാരണ്ടിയാണെന്നും അതിവേഗ വികസനം ബിജെപി കേരളത്തിൽ കൊണ്ടുവരുമെന്നും മോദി കൂട്ടിച്ചേർത്തു.