
തിരുവനന്തപുരം : നേമം മണ്ഡലത്തിലെ വികസന ചർച്ചകൾക്ക് പകരം സംവാദം ഒരു തന്ത്രമാക്കി മാറ്റാനാണ് ഇടത് മുന്നണി ശ്രമിക്കുന്നതെന്ന് ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. എല്ലാം ശരിയാക്കും എന്ന് പറഞ്ഞ് അധികാരത്തിലേറിയ മുഖ്യമന്ത്രി പിണറായി വിജയന് സംവാദത്തിന് വരാൻ ധൈര്യവും നട്ടെല്ലുമുണ്ടോ എന്ന് രാജീവ് ചന്ദ്രശേഖർ ചോദിച്ചു.
ശിവൻകുട്ടി മാത്രം പോരെന്നും മുഖ്യമന്ത്രി കൂടി സംവാദത്തിന് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭരണപരാജയങ്ങളിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ഇപ്പോൾ സംവാദം ചർച്ചയാക്കുന്നത്. സംവാദം അത്ര പ്രധാനപ്പെട്ട വിഷയമല്ലെന്നും വി ശിവൻകുട്ടി പല കാര്യങ്ങൾക്കും മറുപടി നൽകാനുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
മാധ്യമങ്ങൾ വഴി സമയവും സ്ഥലവും നിശ്ചയിക്കുന്ന പരിപാടി തനിക്കില്ല. സംവാദത്തിന് താൽപ്പര്യമുണ്ടെങ്കിൽ താൻ നേരിട്ട് ശിവൻകുട്ടിയെ വിളിച്ചോളാം. ഇത് മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.