
അബുദാബി: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം തുടരുന്നതിനിടെ അബുദാബിയിലെ കെസാദിൽ (KEZAD) ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ അഞ്ച് ഇന്ത്യൻ പൗരന്മാർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെയായിരുന്നു ആക്രമണം. ആകാശത്തുവെച്ച് മിസൈലുകൾ പ്രതിരോധ സേന തകർത്തെങ്കിലും, ഇതിന്റെ അവശിഷ്ടങ്ങൾ പ്രത്യേക സാമ്പത്തിക മേഖലയായ കെസാദിൽ പതിക്കുകയായിരുന്നു. പരിക്കേറ്റ ഇന്ത്യക്കാരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
ഇറാന്റെ ആണവ നിലയങ്ങൾക്ക് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ഈ നീക്കം. ഇറാന്റെ ആണവായുധ നിർമാണത്തിൽ നിർണ്ണായകമായ ‘അറാക് ഷാഹിദ് ഖൊണ്ടാബ്’ ഹെവി വാട്ടർ കോംപ്ലക്സിന് നേരെ ഇസ്രയേൽ വ്യോമാക്രമണം നടത്തിയിരുന്നു. എന്നാൽ ആണവ വികിരണ ഭീഷണിയില്ലെന്ന് ഇറാൻ അറിയിച്ചു.
സൗദിയിലെ സൈനിക താവളങ്ങൾക്ക് നേരെയും ഇറാൻ മിസൈൽ വർഷിച്ചു. ഇതിൽ അമേരിക്കൻ സൈനികർക്ക് പരിക്കേൽക്കുകയും വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായാണ് വിവരം. ഊർജ്ജ കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നൽകിയ ഉറപ്പ് ലംഘിച്ചാണ് ഇസ്രയേലിന്റെ പുതിയ നീക്കം. സംഘർഷം ലഘൂകരിക്കാനുള്ള ചർച്ചകൾക്കിടെയുണ്ടായ ഈ ആക്രമണങ്ങൾ പശ്ചിമേഷ്യയെ കൂടുതൽ അശാന്തിയിലേക്കാണ് നയിക്കുന്നത്.