Banner Ads

മകന്റെ ജീവൻ രക്ഷിക്കാൻ പായുന്നതിനിടെ ദുരന്തം; ആംബുലൻസ് മറിഞ്ഞ് മാതാവ് മരിച്ചു

പാലക്കാട്: വിഷം ഉള്ളിൽച്ചെന്ന മകനുമായി ആശുപത്രിയിലേക്ക് പായുന്നതിനിടെ ആംബുലൻസ് മറിഞ്ഞ് അമ്മ മരിച്ചു. നല്ലേപ്പിള്ളി നരിച്ചിറ തെക്കേദേശത്ത് ജോറാമ്മ (53) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 4.50-ഓടെ പാലക്കാട് കാടാങ്കോട് ജങ്ഷന് സമീപത്തെ വളവിലായിരുന്നു നാടിനെ നടുക്കിയ അപകടം.

വിഷം ഉള്ളിൽച്ചെന്ന് അതീവ ഗുരുതരാവസ്ഥയിലായ മകൻ മഫിനെ (25) ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ നിന്നും ജില്ലാ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കാടാങ്കോട് വളവിൽ വെച്ച് എതിരെ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ ആംബുലൻസ് വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് റോഡരികിലെ വർക്ക്ഷോപ്പിന്റെ ചുമരിലിടിച്ച് മറിയുകയായിരുന്നു. അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്ന മഫിൻ, ബന്ധുക്കളായ റഹീം, റഹ്മത്ത്, ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് എന്നിവർക്കും പരിക്കേറ്റു.

നാട്ടുകാരും പൊലീസും ചേർന്ന് ഉടൻ തന്നെ ഇവരെ മറ്റൊരു ആംബുലൻസിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജോറാമ്മയുടെ ജീവൻ രക്ഷിക്കാനായില്ല. പള്ളിയിൽ പ്രാർഥന കഴിഞ്ഞ് മടങ്ങവേയാണ് മകൻ വിഷം കഴിച്ച വിവരം പിതാവ് മുഹമ്മദ് ഹനീഫ അറിയുന്നത്. ഉടൻ ആശുപത്രിയിലേക്ക് എത്തിയപ്പോഴേക്കും അപകടവാർത്തയാണ് അദ്ദേഹത്തെ തേടിയെത്തിയത്. പരേതരായ മുത്തുറാവുത്തറുടെയും ആയിഷാമ്മയുടെയും മകളാണ് ജോറാമ്മ. ഹസീനയാണ് മകൾ.