
കണ്ണൂര്‍ : മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്ത് തിരഞ്ഞെടുപ്പ് ആവേശം കൊടുമുടിയിൽ. ഏപ്രിൽ മൂന്നിന് നടക്കുന്ന പ്രചാരണ പരിപാടിയിൽ ഇന്ത്യൻ സിനിമയിലെ വൻ താരനിര അണിനിരക്കും. മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസൻ മുഖ്യമന്ത്രിക്ക് പിന്തുണയുമായി നേരിട്ടെത്തും.
കേന്ദ്ര സർക്കാരിന്റെ നിലപാടുകൾക്കെതിരെ നിരന്തരം ശബ്ദമുയർത്തുന്ന പ്രകാശ് രാജ് വേദിയിലുണ്ടാകും. നടിമാരായ റിമ കല്ലിങ്കൽ, ഭാവന റാപ്പർ വേടൻ എന്നിവരും പ്രചാരണത്തിന്റെ ഭാഗമാകും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷത്തിനും തെരഞ്ഞെടുപ്പില്‍ വിജയം ആശംസിച്ച് കമല്ഹാസന് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു.
സഖാവ് പിണറായി വിജയന് വിജയാശംസകൾ നേരുന്നു. കേരളം എന്റെ കൂടി നാടാണ്. കഴിഞ്ഞ പത്ത് വർഷത്തെ വികസനത്തെക്കുറിച്ച് ചിന്തിച്ച് ജനങ്ങൾ ശരിയായ തീരുമാനമെടുക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. സഖാവ് വിജയൻ വിജയിക്കട്ടെ കേരളവും വിജയിക്കും. ഇതാണ് തന്റെ അഭിപ്രായമെന്ന് കമല്ഹാസന് കുറിച്ചു.
തിരുവനന്തപുരത്ത് വെച്ച് നടന്ന പിണറായി: ദി ലെജൻഡ് എന്ന ഡോക്യുമെന്ററിയുടെ പ്രകാശന ചടങ്ങിലും അതിഥിയായി കമൽഹാസൻ എത്തിയിരുന്നു. മുഖ്യമന്ത്രിയുമായുള്ള തന്റെ വ്യക്തിപരമായ അടുപ്പവും രാഷ്ട്രീയത്തോടുള്ള ബഹുമാനവുമാണ് കമൽഹാസനെ ധർമ്മടത്തേക്ക് എത്തിക്കുന്നത്.