Banner Ads

“കോൺഗ്രസുകാർക്ക് ഇപ്പോൾ എന്നോട് വലിയ സ്നേഹം”; പരിഹാസവുമായി എം.എം. മണി.

തിരുവനന്തപുരം: ഉടുമ്പൻചോല മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസിനെതിരെ കടുത്ത പരിഹാസവുമായി സിപിഎം നേതാവ് എം.എം. മണി. ജയിലിലടച്ചപ്പോഴും ജില്ലയിൽ പ്രവേശനം നിഷേധിച്ചപ്പോഴും കാണാത്ത സ്നേഹമാണ് ഇപ്പോൾ കോൺഗ്രസുകാർ തന്നോട് കാണിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഉടുമ്പൻചോലയിൽ ഇത്തവണ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി. ജയചന്ദ്രന്റെ വിജയത്തിനായി വോട്ട് അഭ്യർത്ഥിക്കവെയാണ് മണിയാശാൻ പഴയ കാര്യങ്ങൾ ഓർമ്മിപ്പിച്ചത്.താൻ സ്ഥാനാർത്ഥിയായിരുന്നെങ്കിൽ എൽ.ഡി.എഫ് ജയിച്ചേനെ എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ഉയർന്ന കമന്റുകൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. “എന്നെ ജയിലിലടച്ചപ്പോഴും ഒൻപത് മാസം ജില്ലയിൽ പ്രവേശനം നിഷേധിച്ചപ്പോഴും കാണാത്ത സ്നേഹമാണ് ഇപ്പോൾ ചിലർക്ക്.

ഇടുക്കിയിലെ പൊതുശല്യത്തെ ജില്ലയിൽ നിന്നും ഒഴിവാക്കി എന്നാണ് അന്നത്തെ ആഭ്യന്തര മന്ത്രി നിയമസഭയിൽ പ്രസംഗിച്ചത്. ആ സ്നേഹം ഇപ്പോഴും ഓർക്കുന്നുണ്ട്,” മണി പരിഹസിച്ചു.ഉടുമ്പൻചോല മണ്ഡലം കേരളത്തിൽ ഏറ്റവും കൂടുതൽ വികസനം കൈവരിച്ച മണ്ഡലങ്ങളിൽ ഒന്നാണെന്ന് കോൺഗ്രസ് സമ്മതിച്ചത് വലിയ കാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വികസനത്തുടർച്ചയ്ക്കായി എൽ.ഡി.എഫ് സ്ഥാനാർത്ഥി വി. ജയചന്ദ്രനെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

2021-ൽ തനിക്ക് നൽകിയ 38,305 വോട്ടിന്റെ ഭൂരിപക്ഷത്തേക്കാൾ കൂടുതൽ ഇത്തവണ ജയചന്ദ്രന് നൽകണം.കഴിഞ്ഞ തവണ 193 ബൂത്തുകളിൽ 192 ബൂത്തിലും തനിക്ക് ലീഡ് ലഭിച്ചിരുന്നു. ഇത്തവണ 193 ബൂത്തുകളിലും എൽ.ഡി.എഫിന് ലീഡ് നൽകി ജയചന്ദ്രനെ വിജയിപ്പിക്കണമെന്നും മണ്ഡലത്തിന്റെ വികസന സ്വപ്നങ്ങൾ പൂർത്തീകരിക്കാൻ എല്ലാവരുടെയും സഹായം വേണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.