
ഇടുക്കി : പന്ത്രണ്ട് വയസ്സുകാരനോട് ലൈംഗികാതിക്രമം കാട്ടിയ കേസിൽ ഇടുക്കി വലിയതോവാള സ്വദേശി മണ്ണംപ്ലാക്കൽ സുരേഷ് നാരായണനെ (43) ആറ് വർഷം കഠിനതടവിന് ശിക്ഷിച്ചു. ഇടുക്കി അതിവേഗ പോക്സോ കോടതിയുടേതാണ് വിധി. തടവിനു പുറമെ പ്രതി 40,000 രൂപ പിഴയായും അടയ്ക്കണം.
2025 ജൂണിലായിരുന്നു സംഭവം. കുട്ടിയെ മാമ്പഴം നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് വിളിച്ചുവരുത്തിയാണ് അതിക്രമം നടത്തിയത്. കുട്ടി വീട്ടിലെത്താൻ വൈകിയതിനെത്തുടർന്ന് പിതാവ് അന്വേഷിച്ചു ചെന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്. മടങ്ങി വരുമ്പോൾ കുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റം കണ്ട പിതാവ് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
തുടർന്ന് നാട്ടുകാരെയും കൂട്ടി പ്രതിയെ ചോദ്യം ചെയ്യുകയും പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. വിവിധ വകുപ്പുകളിലെ ഉയർന്ന ശിക്ഷയായ 3 വർഷം പ്രതി ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. പ്രൊസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ ഷിജോമോൻ ജോസഫ് കോടതിയിൽ ഹാജരായി.