
തിരുവനന്തപുരം : കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശരത് ചന്ദ്രപ്രസാദിന്റെ വിവാദ പരാമർശങ്ങൾ തള്ളി കടകംപള്ളി സുരേന്ദ്രൻ. കടകംപള്ളിയെ അയ്യപ്പന്റെ പുലി പിടിക്കും എന്ന ശരത് ചന്ദ്രപ്രസാദിന്റെ പ്രസ്താവന വിലകുറഞ്ഞതാണെന്നും ഇതിനോട് പ്രതികരിക്കാനില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
മണ്ഡലത്തിൽ പുലി ഇറങ്ങിക്കഴിഞ്ഞു എന്ന് പറയുന്നവർ അറിയുക ഇവിടുത്തെ വോട്ടർമാരാണ് പുലികൾ. അവർ കൃത്യമായ മറുപടി നൽകുമെന്നും ദുഷ്പ്രചാരണങ്ങൾ ഒന്നും മണ്ഡലത്തിൽ വിലപ്പോകില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. കായ്ഫലമുള്ള വൃക്ഷത്തെയാണല്ലോ എല്ലാവരും കല്ലെറിയുന്നത്.
വികസന വിരുദ്ധമായ ഇത്തരം ആരോപണങ്ങൾ എല്ലാ തിരഞ്ഞെടുപ്പ് കാലത്തും പതിവാണെന്നും അദ്ദേഹം പരിഹസിച്ചു. കഴക്കൂട്ടം സ്വർണ്ണക്കൊള്ളയുടെ കേന്ദ്രമായി മാറിയെന്നും മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണെന്നുമുള്ള ശരത് ചന്ദ്രപ്രസാദിന്റെ വാദങ്ങളെ കടകംപള്ളി തള്ളി.