Banner Ads

വ്യക്തിത്വ അവകാശ സംരക്ഷണം; മോഹൻലാലിന്റെ ഹർജിയിൽ ഡൽഹി ഹൈക്കോടതിയുടെ നിർണ്ണായക നീക്കം.

ദില്ലി: തന്റെ പേരും ചിത്രവും ശബ്ദവും അനുവാദമില്ലാതെ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നടൻ മോഹൻലാൽ സമർപ്പിച്ച ഹർജിയിൽ ഡൽഹി ഹൈക്കോടതിയുടെ കർശന നടപടി. വ്യക്തിത്വ അവകാശം (Personality Rights) ലംഘിക്കുന്ന വീഡിയോകളും ലിങ്കുകളും ഉടനടി നീക്കം ചെയ്യാൻ ജസ്റ്റിസ് ജ്യോതി സിങ് ഉത്തരവിട്ടു.

നിർമിത ബുദ്ധി (AI) ഉപയോഗിച്ച് തന്റെ ശബ്ദം ക്ലോൺ ചെയ്യുന്നതായും, ചിത്രങ്ങളും വീഡിയോകളും മോർഫ് ചെയ്ത് തന്റെ അനുവാദമില്ലാതെ കൊമേഴ്‌സ്യൽ ആവശ്യങ്ങൾക്കായി വ്യാപകമായി പ്രചരിപ്പിക്കുന്നതായും മോഹൻലാൽ ഹർജിയിൽ ചൂണ്ടിക്കാട്ടി.മെറ്റ (Meta) ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ ഭീമന്മാരെയും വിവിധ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളെയും എതിർകക്ഷികളാക്കിയാണ് താരം കോടതിയെ സമീപിച്ചത്.

കേസ് പരിഗണിക്കുന്നതിനിടെ, അനുവാദമില്ലാതെ എന്തിനാണ് നടന്റെ ചിത്രം ഉപയോഗിച്ചതെന്ന് ഒരു പ്രമുഖ ഓൺലൈൻ ഇ-കൊമേഴ്‌സ് സ്ഥാപനത്തോട് കോടതി ആരാഞ്ഞു. ചിത്രം അനധികൃതമായി ഉപയോഗിച്ചത് നീക്കം ചെയ്യാമെന്ന് സ്ഥാപനം കോടതിയെ അറിയിച്ചു.വ്യക്തിത്വ അവകാശ ലംഘനം നടന്ന ലിങ്കുകൾ നീക്കം ചെയ്തതിനെക്കുറിച്ച് ഇന്ന് വൈകിട്ട് നാലരയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ എതിർകക്ഷികൾക്ക് കോടതി നിർദ്ദേശം നൽകി.

മോഹൻലാലിന് വേണ്ടി അഭിഭാഷകരായ എം.എഫ്. ഫിലിപ്പ്, ശ്രീഹരി ഇന്ദു കലാധരൻ, സ്മിത ദാമോദരൻ നായർ എന്നിവർ ഹാജരായി.കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി ജൂലൈ നാലിലേക്ക് മാറ്റി വെച്ചു. അമിതാഭ് ബച്ചൻ, രജനീകാന്ത് എന്നിവർക്ക് പിന്നാലെ വ്യക്തിത്വ അവകാശത്തിനായി കോടതിയെ സമീപിക്കുന്ന മുൻനിര താരമായി മോഹൻലാലും മാറി.