Banner Ads

യുഡിഎഫ് വന്നാൽ ഈ കരാർ റദ്ദാക്കും; 700 കോടിയുടെ സോഫ്റ്റ്‌വെയർ അഴിമതി ആരോപണവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം : സംസ്ഥാന സഹകരണ വകുപ്പിന്റെ കോമൺ സോഫ്റ്റ്‌വെയർ പദ്ധതിയിൽ അഴിമതി നടക്കുന്നുണ്ടെന്ന് രമേശ് ചെന്നിത്തല. കണ്ണൂർ കേന്ദ്രീകരിച്ചുള്ള സൊസൈറ്റികൾക്ക് കരാർ നൽകാനായി ടെണ്ടർ മാനദണ്ഡങ്ങളിൽ കൃത്രിമം കാട്ടിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ടാറ്റ കൺസൾട്ടൻസി (ടിസിഎസ്)  സർവീസസിന് ലഭിക്കേണ്ടിയിരുന്ന കരാർ അട്ടിമറിച്ചു. ഇതിനായി നിബന്ധനകൾ പുതുക്കി വീണ്ടും ടെണ്ടർ വിളിച്ചു. കണ്ണൂരിലെ രണ്ട് സഹകരണ സംഘങ്ങൾക്ക് മാത്രം പങ്കെടുക്കാൻ കഴിയുന്ന തരത്തിലാണ് പുതിയ മാനദണ്ഡങ്ങൾ തയ്യാറാക്കിയത്.

ടിസിഎസിനെ മനഃപൂർവ്വം പുറത്താക്കാനാണ് ഈ നീക്കം നടത്തിയത്. 250 സഹകരണ സംഘങ്ങളിലേക്ക് സോഫ്റ്റ്‌വെയർ നൽകാൻ ദിനേശ് ബീഡി സഹകരണ സംഘം ക്വോട്ട് ചെയ്തത് 58 കോടി രൂപയാണ്. കണ്ണൂർ കേന്ദ്രീകരിച്ചുള്ള സംഘങ്ങൾ മാത്രം ടെണ്ടറിൽ പങ്കെടുത്തത് ദുരൂഹമാണ്.

പദ്ധതിയുടെ ആകെ വ്യാപ്തി പരിഗണിക്കുമ്പോൾ 700 കോടി രൂപയുടെ ഭീമമായ അഴിമതിയാണ് ഇതിന് പിന്നിൽ ലക്ഷ്യമിടുന്നത്. യുഡിഎഫ് അധികാരത്തിൽ വന്നാൽ ഈ കരാർ റദ്ദാക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.