
തിരുവനന്തപുരം : നേമം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടി രാഷ്ട്രീയ മര്യാദകൾ ലംഘിച്ച് അട്ടിമറി നീക്കങ്ങൾ നടത്തുകയാണെന്ന് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. വികസനം ചർച്ച ചെയ്യാൻ ഭയമുള്ളതിനാലാണ് എൽഡിഎഫ് നുണപ്രചാരണങ്ങൾ നടത്തുന്നതെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.
രാജീവ് എന്ന പേരുള്ള സിപിഎം അംഗത്തെ സ്വതന്ത്ര സ്ഥാനാർത്ഥിയായി നിർത്തി ആശയക്കുഴപ്പം ഉണ്ടാക്കാൻ ശ്രമിക്കുന്നു. ഇത് വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനുള്ള തന്ത്രമാണ്. ലേബർ വകുപ്പിലെ ഉദ്യോഗസ്ഥരെ ചട്ടവിരുദ്ധമായി തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രവർത്തനങ്ങൾക്കായി നിയോഗിച്ചു. മണ്ഡലത്തിൽ ബിജെപി-കോൺഗ്രസ് ഡീൽ ഉണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണ്.
വികസന കാര്യങ്ങളിൽ പറയാൻ ഒന്നുമില്ലാത്തതുകൊണ്ടാണ് ശിവൻകുട്ടി ഇത്തരം നുണകൾ പ്രചരിപ്പിക്കുന്നത്. നേമം മണ്ഡലത്തിലെ വികസനത്തെക്കുറിച്ച് ഏത് വേദിയിലും വി ശിവൻകുട്ടിയുമായി തുറന്ന സംവാദത്തിന് താൻ തയ്യാറാണെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.