Banner Ads

ഇടുക്കി ഏലപ്പാറയിൽ ഹോട്ടൽ ജീവനക്കാരൻ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം.

ഇടുക്കി: ഏലപ്പാറയിൽ ഹോട്ടൽ ജീവനക്കാരനെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം സ്വദേശി മനു ആണ് മരിച്ചത്. സംഭവത്തിൽ കൂടെ താമസിച്ചിരുന്ന ജാർഖണ്ഡ് സ്വദേശിക്കായി പീരുമേട് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.ഇന്നലെ രാവിലെ ഏലപ്പാറയിലെ സ്വകാര്യ ലോഡ്ജിലാണ് മനുവിന്റെ മൃതദേഹം കണ്ടെത്തിയത്. ലോഡ്ജ് ജീവനക്കാർ മുറി പരിശോധിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്.

ഉടൻ തന്നെ പീരുമേട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.മരിച്ച മനുവും പ്രതിയെന്ന് സംശയിക്കുന്ന ജാർഖണ്ഡ് സ്വദേശിയും ഏലപ്പാറയിലെ ഒരേ ഹോട്ടലിലെ ജീവനക്കാരാണ്. ഇവർ തമ്മിലുണ്ടായ വാക്കുതർക്കം സംഘർഷത്തിൽ കലാശിച്ചതാകാമെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം.കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ജാർഖണ്ഡ് സ്വദേശി പുലർച്ചെ 5.30-ഓടെ ഏലപ്പാറയിൽ നിന്നും ബസ് കയറി പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

ഇയാളുടെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.ഇടുക്കിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഏലപ്പാറയിൽ നടന്ന ഈ ദാരുണ സംഭവം പ്രദേശവാസികളെയും മറ്റ് ഹോട്ടൽ തൊഴിലാളികളെയും നടുക്കിയിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.