
തലശ്ശേരി: സാംസ്കാരിക തലസ്ഥാനമെന്നും ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയെന്നും അറിയപ്പെടുന്ന തലശ്ശേരി നിയമസഭാ മണ്ഡലം ഇത്തവണ സാക്ഷ്യം വഹിക്കുന്നത് ഉശിരൻ പോരാട്ടത്തിന്. പതിറ്റാണ്ടുകളായി എൽഡിഎഫിനൊപ്പം നിൽക്കുന്ന മണ്ഡലം നിലനിർത്താൻ കാരായി രാജനും, അട്ടിമറി ലക്ഷ്യമിട്ട് യുഡിഎഫും എൻഡിഎയും കടുത്ത പ്രചാരണത്തിലാണ്.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗവും റബ്‌കോ ചെയർമാനുമായ കാരായി രാജനാണ് എൽഡിഎഫ് സ്ഥാനാർഥി. ഡിസിസി ജനറൽ സെക്രട്ടറിയും തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഡയറക്ടറുമായ കെപി സാജനാണ് യുഡിഫ് സ്ഥാനാർഥി. ബിജെപി സംസ്ഥാന സമിതിയംഗം ഒ നിധീഷാണ് എൻഡിഎ സ്ഥാനാർഥി. 1970കൾ മുതൽ സിപിഐ, സിപിഎം നേതാക്കളെ മാത്രം നിയമസഭയിലേക്ക് അയച്ച ചരിത്രമാണ് തലശ്ശേരിയുടേത്.