
ദില്ലി : രാജ്യത്തെ പ്രമുഖ സ്വകാര്യ ഇന്ധന റീട്ടെയിലർമാരായ നയാര എനർജി പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. അന്താരാഷ്ട്ര വിപണിയിലെ പ്രതിസന്ധികൾക്കിടയിലും പൊതുമേഖലാ കമ്പനികൾ വില വർധിപ്പിക്കാതെ പിടിച്ചുനിൽക്കുമ്പോഴാണ് നയാരയുടെ ഈ നടപടി. പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് ലിറ്ററിന് 3 രൂപയും ആണ് വർധിപ്പിച്ചിരിക്കുന്നത്.
റഷ്യൻ എണ്ണക്കമ്പനിയായ റോസ്‌നെഫ്റ്റിന് പങ്കാളിത്തമുള്ള കമ്പനിയാണ് നയാര. ഇറാൻ-യുഎസ് തർക്കം മൂലം ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്ന പശ്ചാത്തലത്തിലും രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികൾ വിലയിൽ മാറ്റം വരുത്തിയിരുന്നില്ല. അതിനിടെ റഷ്യൻ എണ്ണ കമ്പനിയായ റോസ്‌നെഫ്റ്റിന്റെ പങ്കാളിത്തമുള്ള നയാര എനർജിയുടെ എണ്ണ ശുദ്ധീകരണ പ്ലാന്റ് 35 ദിവസത്തേക്ക് അടച്ചിടുമെന്നും റിപ്പോർട്ടുകളുണ്ട്.
പ്രതിവർഷം 20 ദശലക്ഷം ടൺ ശുദ്ധീകരണ ശേഷിയുള്ള ഗുജറാത്തിലെ വാദിനാർ റിഫൈനറിയാണ് അടച്ചിടാൻ ആലോചിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇതോടെ രാജ്യത്തെ ക്രൂഡ് ഓയിൽ ശുദ്ധീകരണ ശേഷിയിൽ 8 ശതമാനത്തിന്റെ കുറവുണ്ടാകും. സ്വന്തം പമ്പുകൾക്ക് പുറമെ പൊതുമേഖലാ കമ്പനികൾക്കും ഈ പ്ലാന്റിൽ നിന്നാണ് എണ്ണ നൽകുന്നത്.