Banner Ads

വിവാദങ്ങൾക്ക് വിരാമം; ശബരിമല കൊടിമര കേസിലെ നടപടികൾ അവസാനിപ്പിച്ച് ഹൈക്കോടതി.

കൊച്ചി: ശബരിമല കൊടിമര പുനർനിർമ്മാണത്തിൽ ക്രമക്കേട് നടന്നെന്ന പരാതിയിൽ തുടരന്വേഷണം വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വിജിലൻസ് നടത്തിയ ത്വരിതാന്വേഷണത്തിൽ അഴിമതി കണ്ടെത്താനായില്ലെന്ന റിപ്പോർട്ട് കോടതി അംഗീകരിച്ചു. കൊടിമര നിർമ്മാണത്തിനായി ഭക്തരിൽ നിന്ന് ആകെ 412 ഗ്രാം സ്വർണ്ണമാണ് സംഭാവനയായി ലഭിച്ചത്.

ഈ സ്വർണ്ണം മുഴുവൻ വാജിവാഹനൻ, അഷ്ടദിക്പാലകർ എന്നിവരുടെ നിർമ്മാണത്തിനായി കൃത്യമായി വിനിയോഗിച്ചെന്ന് വിജിലൻസ് കണ്ടെത്തി.സംഭാവന നൽകിയ പ്രമുഖ നടന്മാർ ഉൾപ്പെടെയുള്ളവരിൽ നിന്ന് വിജിലൻസ് മൊഴിയെടുത്തു. മോഹൻലാൽ, സുരേഷ് ഗോപി, പ്രിയദർശൻ, ഷാജി കൈലാസ്, രഞ്ജി പണിക്കർ തുടങ്ങി 27 പേരാണ് സ്വർണ്ണം സംഭാവന ചെയ്തത്. ഇതിൽ 23 പേരുടെ മൊഴികൾ രേഖപ്പെടുത്തി.

ബാക്കി നാലുപേരുടെ വിശദാംശങ്ങൾ ലഭ്യമായില്ല.അന്നത്തെ എ.എസ്.പി കുറുപ്പാണ് സ്വർണ്ണം ഏറ്റുവാങ്ങിയത്. ലഭിച്ച സ്വർണ്ണത്തിന് ദേവസ്വം ബോർഡ് ഔദ്യോഗികമായി രസീത് നൽകിയിട്ടുണ്ടെന്നും വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.ക്രമക്കേടുകൾ നടന്നിട്ടില്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് വർഷങ്ങളായി നിലനിന്നിരുന്ന ഈ കേസ് ഹൈക്കോടതി അവസാനിപ്പിച്ചത്.