Banner Ads

സിപിഎം താങ്ങിനിർത്തി, ഇനി എങ്ങോട്ടുമില്ല; മുന്നണി മാറ്റം തള്ളി ജോസ് കെ മാണി

കോട്ടയം : പാലാ നിയമസഭാ മണ്ഡലത്തിൽ വിജയം സുനിശ്ചിതമാണെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണി. താൻ പാലായുടെ മകനാണെന്നും മണ്ഡലത്തിലെ ജനങ്ങൾക്ക് തന്നിൽ വിശ്വാസമുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു. സിപിഎമ്മിനൊപ്പം കോൺക്രീറ്റ് പോലെ ഉറച്ചുനിൽക്കുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിയെ താങ്ങിനിർത്തിയത് സിപിഎം ആണ്.

ഇനി മുന്നണി മാറ്റത്തെക്കുറിച്ച് ചിന്തിക്കുന്നില്ല. പാർലമെന്റിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുന്നത് ആദ്യമായല്ല. കോൺഗ്രസിനും സിപിഎമ്മിനും അത്തരം പാരമ്പര്യമുണ്ട്. പാർട്ടിയുടെ അനിവാര്യത കണക്കിലെടുത്താണ് മത്സരരംഗത്തിറങ്ങിയതെന്ന് ജോസ് കെ മാണി പറഞ്ഞു. പൂഞ്ഞാറിൽ കഴിഞ്ഞ 30 വർഷം ഒന്നും ചെയ്യാത്തവരാണ് പാലായിൽ വന്ന് വാഗ്ദാനങ്ങൾ നൽകുന്നതെന്ന് ഷോൺ ജോർജിനെ ലക്ഷ്യമിട്ട് അദ്ദേഹം പരിഹസിച്ചു.

പാലായിലുടനീളം കെഎം മാണി കൊണ്ടുവന്ന വികസനം ദൃശ്യമാണെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു. 13-ാം സീറ്റിലെ ചർച്ചകൾ നീണ്ടുപോയതിനാലാണ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ ചെറിയ കാലതാമസം ഉണ്ടായത്. ഭൂരിപക്ഷം എത്രയെന്ന് ഇപ്പോൾ പ്രവചിക്കുന്നില്ലെങ്കിലും പാലാ മണ്ഡലം എൽഡിഎഫിനെ കൈവിടില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് ജോസ് കെ മാണി.