Banner Ads

അഴീക്കോട് ചുവടുറപ്പിക്കാൻ യു.ഡി.എഫ്; അബ്ദുൾ കരീം ചേലേരി പത്രിക സമർപ്പിച്ചു!

കണ്ണൂർ: അഴീക്കോട് നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി അബ്ദുൾ കരീം ചേലേരി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വരണാധികാരിയായ ഡെപ്യൂട്ടി കളക്ടർ എ.കെ. അനീഷ് മുമ്പാകെയാണ് അദ്ദേഹം പത്രിക നൽകിയത്. വൻ ജനപങ്കാളിത്തത്തോടെ നടന്ന പ്രകടനത്തിന് ശേഷമായിരുന്നു പത്രികാ സമർപ്പണം.രാവിലെ ബാഫകി തങ്ങൾ സ്മാരകത്തിൽ എത്തി പ്രാർത്ഥന നടത്തിയ ശേഷമാണ് സ്ഥാനാർത്ഥി പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ടത്.

തുടർന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡിസിസി) ഓഫീസിലെത്തിയ സ്ഥാനാർത്ഥിയെയും പ്രവർത്തകരെയും നേതാക്കൾ സ്വീകരിച്ചു. അവിടെനിന്ന് നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ പ്രകടനമായാണ് 11 മണിയോടെ കളക്ടറേറ്റിൽ എത്തിയത്.പത്രിക സമർപ്പിക്കുമ്പോൾ മുസ്ലീം ലീഗ് നേതാവ് അബ്ദുൾ റഹ്മാൻ കല്ലായി, ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്, കെ. പ്രമോദ്, സി.പി. അബ്ദുൾ റഷീദ് എന്നിവർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.

മണ്ഡലം-ബ്ലോക്ക് ഭാരവാഹികളായ ബിജു ഉമ്മർ, കൂക്കിരി രാഗേഷ്, അഹമ്മദ് വട്ടക്കണ്ടി, സി.പി. റഷീദ്, കൊടിപ്പൊയിൽ മുസ്തഫ, കെ. ജയകൃഷ്ണൻ, കെ.ടി. സഹദുള്ള, ഇബ്രാഹിം കുട്ടി തെരുവട്ടൂർ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി. അഴീക്കോട് മണ്ഡലം തിരിച്ചുപിടിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്.