Banner Ads

മൂന്നാറിൽ വീണ്ടും ‘പടയപ്പ’യുടെ പരാക്രമം; കർണാടക സ്വദേശികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മൂന്നാർ: വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ പടയപ്പ എന്ന കാട്ടാനയുടെ ഭീതി ഒഴിയുന്നില്ല. മൂന്നാർ-ഉദുമൽപേട്ട് അന്തർസംസ്ഥാന പാതയിൽ തലയാറിന് സമീപം പടയപ്പ വാഹനങ്ങൾക്കുനേരെ ആക്രമണം നടത്തി. കർണാടകയിൽ നിന്നുള്ള വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന കാറിന് നേരെയാണ് പടയപ്പ പാഞ്ഞടുത്തത്.

ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം. റോഡിൽ നിലയുറപ്പിച്ച പടയപ്പ, കർണാടക സ്വദേശികൾ സഞ്ചരിച്ച കാറിന് നേരെ ആക്രമണം നടത്തുകയായിരുന്നു. ആനയുടെ ആക്രമണത്തിൽ വാഹനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. കാറിലുണ്ടായിരുന്നവർ അദ്ഭുതകരമായാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. പടയപ്പ വാഹനം ആക്രമിക്കാൻ മുതിർന്നതോടെ സ്ഥലത്തുണ്ടായിരുന്ന മറ്റു വാഹനയാത്രക്കാരും നാട്ടുകാരും ചേർന്ന് ബഹളം വെച്ചു.നാട്ടുകാർ കൂട്ടമായി ബഹളം വച്ചതോടെ ആന വാഹനത്തിന് സമീപത്ത് നിന്നും പിൻവാങ്ങി.

തുടർന്ന് റോഡിലൂടെ നടന്ന് സമീപത്തെ തേയിലത്തോട്ടത്തിലേക്ക് പടയപ്പ നീങ്ങുകയായിരുന്നു. അല്പനേരം ഗതാഗതം തടസ്സപ്പെട്ടെങ്കിലും പിന്നീട് പുനഃസ്ഥാപിച്ചു.കഴിഞ്ഞ കുറച്ചു മാസങ്ങളായി മൂന്നാർ മേഖലയിൽ പടയപ്പയുടെ സാന്നിധ്യം വർദ്ധിച്ചിരിക്കുകയാണ്. ജനവാസ മേഖലകളിലും റോഡുകളിലും പതിവായി ഇറങ്ങുന്ന പടയപ്പ വാഹനങ്ങൾ തടയുന്നതും ആക്രമിക്കുന്നതും പതിവാകുന്നത് വിനോദസഞ്ചാരികളെയും നാട്ടുകാരെയും ഒരുപോലെ ഭീതിയിലാഴ്ത്തുന്നുണ്ട്.