
കോഴിക്കോട് : എലത്തൂർ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി എൻസിപിയിലുണ്ടായിരുന്ന തർക്കങ്ങൾ പരിഹരിച്ചതായി പിസി ചാക്കോ. മന്ത്രി എകെ ശശീന്ദ്രനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനെതിരെ പാർട്ടിയിൽ നിലനിന്ന അതൃപ്തികൾ ചർച്ചകളിലൂടെ തീർത്തുവെന്നും പാർട്ടിയാണ് എല്ലാറ്റിനും മുകളിലെന്നും അദ്ദേഹം വ്യക്തമാക്കി.
എലത്തൂരിൽ എകെ ശശീന്ദ്രൻ വീണ്ടും മത്സരിക്കുന്നതിനെതിരെ പാർട്ടിയിൽ ശക്തമായ എതിർപ്പുകൾ ഉയർന്നിരുന്നു. ശശീന്ദ്രന് പകരം പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്നായിരുന്നു എൻസിപി ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദിന്റെ നിലപാട്. ശശീന്ദ്രനെതിരെ ജില്ലയിലെ വിവിധ മണ്ഡലം കമ്മിറ്റികൾ പ്രമേയങ്ങൾ വരെ പാസാക്കിയിരുന്നു.
ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദിന്റെ പരാതികൾ കേൾക്കുകയും ചർച്ചകൾ നടത്തുകയും ചെയ്തതോടെയാണ് പ്രശ്നങ്ങൾ അവസാനിച്ചതെന്ന് പിസി ചാക്കോ പറഞ്ഞു. പാർട്ടിയിൽ ഭിന്നതകളില്ലെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നും മുക്കം മുഹമ്മദും വ്യക്തമാക്കി. എകെ ശശീന്ദ്രന്റെ നാമനിർദ്ദേശ പത്രിക സമർപ്പണത്തിൽ നേരിട്ട് പങ്കെടുക്കുമെന്നും മുക്കം മുഹമ്മദ് പറഞ്ഞു. എകെ ശശീന്ദ്രൻ നാളെ (തിങ്കളാഴ്ച) നാമനിർദ്ദേശ പത്രിക സമർപ്പിക്കും.