
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ചങ്ങനാശേരിയിലേക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. മൂവാറ്റുപുഴ വെള്ളൂർക്കുന്നം സിഗ്നൽ ജംഗ്ഷനിൽ ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. നിയന്ത്രണം വിട്ട കാർ റോഡിലെ മീഡിയനിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു.
വിമാനത്താവളത്തിൽ നിന്നുള്ള മടക്കയാത്രയ്ക്കിടെ വെള്ളൂർക്കുന്നം ജംഗ്ഷനിലെത്തിയപ്പോൾ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും മീഡിയനിൽ ഇടിച്ചുകയറി മറിയുകയുമായിരുന്നു.വാഹനം പൂർണ്ണമായും തലകീഴായി മറിഞ്ഞെങ്കിലും വലിയ ദുരന്തം ഒഴിവായി. അപകടം നടന്ന ഉടൻ തന്നെ സമീപവാസികൾ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി.
കാറിനുള്ളിൽ കുടുങ്ങിക്കിടന്ന പിഞ്ചുകുഞ്ഞ് ഉൾപ്പെടെയുള്ള നാലുപേരെയും നാട്ടുകാർ ചേർന്നാണ് പുറത്തെടുത്തത്.പരിക്കേറ്റവരെ ഉടൻ തന്നെ മൂവാറ്റുപുഴ നിർമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും എല്ലാവരും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടതായും ആശുപത്രി അധികൃതർ അറിയിച്ചു.