
തിരുവനന്തപുരം: സംസ്ഥാനത്തെ പാവപ്പെട്ടവർക്ക് ആശ്വാസമായി സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെൻഷനുകളുടെ വിതരണം ഈ മാസം തന്നെ പൂർത്തിയാക്കും. വിഷു പ്രമാണിച്ച് മാർച്ചിലെയും ഏപ്രിലിലെയും പെൻഷനുകൾ നേരത്തെ നൽകാനാണ് സർക്കാർ തീരുമാനം.മാർച്ചിലെ പെൻഷൻ ഈ മാസം 25 മുതൽ വിതരണം ആരംഭിക്കും.ഏപ്രിലിലെ പെൻഷൻ ഈ മാസം 31 മുതൽ വിതരണം തുടങ്ങും.
പ്രതിമാസം 2000 രൂപ വീതമാണ് അനുവദിച്ചിരിക്കുന്നത്. ഇതിനാവശ്യമായ തുക അനുവദിച്ച് സർക്കാർ നേരത്തെ ഉത്തരവിറക്കിയിരുന്നു.സംസ്ഥാനത്തെ 62 ലക്ഷത്തോളം പേർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. 26.62 ലക്ഷം പേർക്ക് ബാങ്ക് അക്കൗണ്ടുകൾ വഴി തുക നേരിട്ടെത്തും.
മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീടുകളിൽ നേരിട്ട് തുക എത്തിച്ചുനൽകും.ക്ഷേമനിധി ബോർഡിലെ അംഗങ്ങൾക്കുള്ള പെൻഷൻ അതത് ബോർഡുകൾ വഴി വിതരണം ചെയ്യും. പ്രതിമാസം ഏകദേശം 1,050 കോടി രൂപയാണ് പെൻഷൻ വിതരണത്തിനായി സർക്കാർ നീക്കിവെക്കുന്നത്.