
കൊച്ചി: ജോലി തട്ടിപ്പ് കേസിൽ നഷ്ടപരിഹാരം ഈടാക്കാനായി കോടതി ഉത്തരവിട്ട ബസ് ജപ്തി ചെയ്യുന്നത് തടയാൻ ഉടമ നടത്തിയ വിചിത്ര നീക്കം പരാജയപ്പെട്ടു. വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് വാർത്തകളിൽ നിറഞ്ഞ കലാഭവൻ സോബി ജോർജിന്റെ ബസാണ് നാടകീയ രംഗങ്ങൾക്കൊടുവിൽ അധികൃതർ ജപ്തി ചെയ്തത്. ബസ് കൊണ്ടുപോകാതിരിക്കാനായി സോബി ടയറുകൾ ഊരിമാറ്റിയെങ്കിലും, ക്രെയിനുമായെത്തിയ പോലീസ് സംഘം ബസ് പൊക്കിയെടുത്ത് കോടതിയിലെത്തിക്കുകയായിരുന്നു.
2013-ൽ നടന്ന ഒരു ജോലി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് കോടതി നടപടി.കൂനമ്മാവ് സ്വദേശി ടി.വി. സെബാസ്റ്റ്യന്റെ മകന് യുഎസിലെ സൂപ്പർ മാർക്കറ്റിൽ ജോലി വാഗ്ദാനം ചെയ്ത് 2.5 ലക്ഷം രൂപ തട്ടിയെടുത്തു.2018-ൽ കോതമംഗലം മുൻസിഫ് കോടതി 2.80 ലക്ഷം രൂപ മടക്കി നൽകാൻ ഉത്തരവിട്ടിരുന്നു. എന്നാൽ സോബി ജോർജ് ഇതിനോട് സഹകരിച്ചില്ല.പലിശയും നഷ്ടപരിഹാരവും ചേർന്ന് 5,51,274 രൂപ ഈടാക്കാനായി സോബിയുടെ ആസ്തികൾ കണ്ടെത്തുകയും ബസ് ജപ്തി ചെയ്യാൻ എറണാകുളം പ്രിൻസിപ്പൽ മുൻസിഫ് കോടതി ഉത്തരവിടുകയും ചെയ്തു.
ജപ്തി വിവരം അറിഞ്ഞ സോബി ജോർജ് ബസിന്റെ ടയറുകൾ ഊരിമാറ്റി അധികൃതരെ വെല്ലുവിളിച്ചു. ടയറില്ലാത്ത ബസ് കൊണ്ടുപോകാൻ കഴിയില്ലെന്നായിരുന്നു പ്രതിയുടെ കണക്കുകൂട്ടൽ. എന്നാൽ ചൊവ്വാഴ്ച ഊന്നുകൽ പോലീസും കോതമംഗലം ജോയിന്റ് ആർടിഒയിലെ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറും ക്രെയിനുമായി സ്ഥലത്തെത്തി. ടയറുകളില്ലാത്ത ബസ് ക്രെയിനിൽ ഘടിപ്പിച്ച് കോടതി പരിസരത്തേക്ക് മാറ്റി നടപടികൾ പൂർത്തിയാക്കി.
സ്റ്റേജ് ആർട്ടിസ്റ്റും ഗാനമേള ട്രൂപ്പ് ഡയറക്ടറുമായ സോബി ജോർജിനെതിരെ നിലവിൽ നിരവധി തട്ടിപ്പ് കേസുകളുണ്ട്. ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐക്ക് മൊഴി നൽകിയതിലൂടെ ഇയാൾ നേരത്തെ മാധ്യമശ്രദ്ധ നേടിയിരുന്നു. 2013-ലെ ജോലി തട്ടിപ്പ് കേസിൽ മൂന്ന് വർഷം തടവും പിഴയും ഇയാൾക്ക് ശിക്ഷ ലഭിച്ചിരുന്നു.നിയമത്തിന് മുന്നിൽ തന്ത്രങ്ങൾ വിലപ്പോകില്ലെന്ന് തെളിയിക്കുന്നതായിരുന്നു കൊച്ചിയിൽ നടന്ന ഈ ജപ്തി നാടകം.