Banner Ads

“ഞാൻ എന്നും ഇടതുപക്ഷക്കാരൻ; പിണറായിയെ തള്ളിയിട്ടില്ല”: വിശദീകരണവുമായി ജി. സുധാകരൻ.

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് താൻ നടത്തിയ പ്രസ്താവനയിൽ വിശദീകരണവുമായി അമ്പലപ്പുഴയിലെ ജനകീയ സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരൻ. പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകുന്നതിൽ തനിക്ക് വ്യക്തിപരമായി സന്തോഷമുണ്ടെന്നും എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ എൽഡിഎഫിന് മൂന്നാമൂഴം ലഭിക്കില്ലെന്നുമാണ് താൻ ഉദ്ദേശിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ജനങ്ങൾ എൽഡിഎഫിന് വോട്ട് ചെയ്യില്ലെന്ന് സുധാകരൻ പറഞ്ഞു.

താൻ ഒരു ജനകീയ സ്വതന്ത്ര സ്ഥാനാർത്ഥിയാണെന്നും തന്നെ സഹായിക്കാൻ ഏത് രാഷ്ട്രീയ പാർട്ടികൾക്കും മുന്നോട്ട് വരാമെന്നും അദ്ദേഹം കൂട്ടിചേർത്തു. യുഡിഎഫ് തന്നെ പിന്തുണയ്ക്കുകയാണെങ്കിൽ അത് പൂർണ്ണമനസ്സോടെ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.മന്ത്രി പി. പ്രസാദിനെതിരെ കടുത്ത വിമർശനമാണ് ജി. സുധാകരൻ ഉന്നയിച്ചത്. ചേർത്തലയിൽ പ്രസാദിനെതിരെ താൻ നേരിട്ട് പ്രചാരണത്തിന് ഇറങ്ങുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.”പ്രസാദ് എന്നെ കമ്മ്യൂണിസം പഠിപ്പിക്കാൻ വരേണ്ട.

തനിക്കെതിരെ പ്രസ്താവന നടത്തിയ പ്രസാദിനെ തോൽപ്പിക്കാൻ പറയാൻ എനിക്ക് അവകാശമുണ്ട്. കഴിഞ്ഞ തവണ വെറും ആറായിരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം ജയിച്ചതെന്ന് ഓർക്കണം.”തനിക്ക് പാർലമെന്ററി വ്യാമോഹമാണെന്ന് വിമർശിക്കുന്ന സിപിഎം നേതാക്കളെ സുധാകരൻ പരിഹസിച്ചു. വീണ്ടും വീണ്ടും മത്സരിക്കുന്നവർക്ക് ഇല്ലാത്ത എന്ത് വ്യാമോഹമാണ് തനിക്കുള്ളതെന്ന് അദ്ദേഹം ചോദിച്ചു.