
കൊച്ചി:നെടുമ്പാശേരിക്ക് സമീപം വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ 18-കാരൻ ആർ.പി.എഫ് (RPF) പിടിയിലായി. പ്രണയബന്ധം തകർന്നതിലുള്ള നിരാശയിലാണ് താൻ ട്രെയിനിന് നേരെ കല്ലെറിഞ്ഞതെന്നാണ് പ്രതിയുടെ മൊഴി. രണ്ടാഴ്ച നീണ്ട ഊർജ്ജിതമായ തെരച്ചിലിനൊടുവിൽ ആലുവ അകപ്പറമ്പ് ഭാഗത്ത് നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
മാർച്ച് ഏഴിന് രാത്രി 7:10-ഓടെ ആലുവയ്ക്കും അങ്കമാലിക്കുമിടയിൽ നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം വെച്ചാണ് സംഭവം. തിരുവനന്തപുരം – മംഗലാപുരം വന്ദേഭാരത് കടന്നുപോകുമ്പോഴായിരുന്നു കല്ലേറുണ്ടായത്.ട്രെയിനിന്റെ സി-9 (C9) കോച്ചിന്റെ ലാമിനേറ്റഡ് ചില്ലിന് നേരിയ പോറലേറ്റു.കാമുകിയുമായി വേർപിരിഞ്ഞ ദുഖത്തിൽ റെയിൽവേ ട്രാക്കിന് സമീപം ഇരിക്കുമ്പോഴാണ് വന്ദേഭാരത് വരുന്നത് കണ്ടത്. ആ നിരാശയിൽ മൂന്ന് തവണ കല്ലെറിഞ്ഞെന്നും അതിലൊന്ന് ട്രെയിനിൽ കൊണ്ടെന്നുമാണ് യുവാവ് പോലീസിനോട് സമ്മതിച്ചത്.
വന്ദേഭാരതിലെ സിസിടിവി ദൃശ്യങ്ങളിൽ കല്ലെറിയുന്ന ആളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിരുന്നില്ല. തുടര്ന്ന് റെയിൽവേ സുരക്ഷാ സേന (RPF) ദിവസങ്ങളോളം ട്രാക്കിന് സമീപം നിരീക്ഷണം നടത്തുകയും സ്ഥിരമായി അവിടെ എത്താറുള്ളവരുടെ പട്ടിക തയ്യാറാക്കുകയും ചെയ്തു. ഈ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ വലയിലാക്കാൻ സാധിച്ചത്.