ചെന്നൈ : നടന്‍ ജയം രവിയുടെ വിവാഹമോചന വാര്‍ത്ത വലിയ വിവാദങ്ങളാണ് ഉണ്ടാക്കിയത്. ഇപ്പോള്‍ മക്കളായ ആരവ്, അയാൻ എന്നിവരുടെ കസ്റ്റഡിക്കായി എത്രകാലം വേണമെങ്കിലും കോടതിയിൽ പോരാടാൻ തയ്യാറാണെന്ന് ജയം രവി വ്യക്തമാക്കിയിരിക്കുകയാണ്. എന്റെ കുട്ടികളാണ് എന്റെ ഭാവിയും സന്തോഷത്തിന്റെ ഉറവിടവും. 10അല്ല 20കൊല്ലം അല്ലെങ്കിൽ അതിൽ കൂടുതൽ വർഷങ്ങളെടുത്താലും അവരുടെ കസ്റ്റഡിക്കായി പോരാടാൻ ഞാൻ തയാറാണ്.
അവരുടെ ക്ഷേമം ഉറപ്പുവരുത്തുകയും സുസ്ഥിരമായ അന്തരീക്ഷം നൽകുകയും ചെയ്യുക എന്നതാണ് എന്റെ മുൻഗണന എന്നും താരം ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മൂത്തമകൻ ആരവിനെ സിനിമയിലേക്ക് കൊണ്ടുവരാനുള്ള ആഗ്രഹം പങ്കുവയ്ക്കുകയും ചെയ്തു ജയം രവി. ആരവിനെ വച്ച് ഒരു സിനിമ നിർമ്മിച്ച് അവനെ സിനിമാ ലോകത്തിന് പരിചയപ്പെടുത്തുക എന്നതാണ് എന്റെ സ്വപ്നം.
ആറ് വർഷം മുമ്പ്, ടിക് ടോക്കിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങളിലൊന്നായിരുന്നു അത്. വീണ്ടും ആ സന്തോഷം ആസ്വദിക്കാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു എന്നും താരം കൂട്ടിച്ചേര്‍ത്തു. ഭാര്യ ആരതിയുടെ ആരോപണങ്ങൾക്ക് രൂക്ഷമായാണ് മറുപടി നൽകിയത് ജയം രവി. ഞങ്ങളുടെ ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ ആരതി ആരംഭിച്ചിരുന്നു എന്നായിരുന്നു വാര്‍ത്തകളോട് താരം പ്രതികരിച്ചത്.
രണ്ട് തവണ വക്കീൽ നോട്ടീസ് അയച്ചിട്ടും അവർ പ്രതികരിച്ചില്ലായെന്നും ജയം രവി പറഞ്ഞു. ആരതി ആത്മാർത്ഥമായി അനുരഞ്ജനം തേടിയിരുന്നെങ്കിൽ എന്റെ കാമുകിയെക്കുറിച്ച് എന്തെങ്കിലും സംസാരിക്കുമായിരുന്നോ? എന്നും താരം ചോദിച്ചു. അടുത്തിടെ ഒരു കുറിപ്പിലൂടെ ജയം രവി വിവാഹമോചനം പ്രഖ്യാപിച്ചിരുന്നുവെങ്കിലും തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഈ തീരുമാനം എടുത്തതെന്ന് ആരതി പ്രതികരിച്ചു.
ഈ വെളിപ്പെടുത്തലാണ് വിവാദത്തിന് തിരികൊളുത്തിയത്. ഈ പ്രഖ്യാപനത്തിന് പിന്നാലെ ജയം രവിയെ ഗായിക കെനിഷ ഫ്രാൻസിസുമായി ബന്ധപ്പെടുത്തി അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നിരുന്നാലും, കെനിഷയുമായുള്ള തന്റെ ബന്ധം തികച്ചും പ്രൊഫഷണലും ആത്മീയവുമാണെന്ന് വ്യക്തമാക്കി താരം ഈ ആരോപണങ്ങൾ ശക്തമായി നിഷേധിച്ചു.