Banner Ads

മല്ലപ്പള്ളിയിൽ ആശുപത്രിയിൽ അതിക്രമം: എയർഗണ്ണുമായി എത്തിയ രോഗി ജീവനക്കാരെ ഭീഷണിപ്പെടുത്തി.

പത്തനംതിട്ട: കുന്നന്താനത്തെ കുടുംബാരോഗ്യ കേന്ദ്രത്തിൽ എയർഗണ്ണുമായി എത്തിയ രോഗി ജീവനക്കാരെ ഭീഷണിപ്പെടുത്തി. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. കുന്നന്താനം സ്വദേശിയായ ലിനു തോമസ് (38) എന്നയാളാണ് ആശുപത്രിയിൽ തോക്കുമായെത്തി പരിഭ്രാന്തി സൃഷ്ടിച്ചത്.ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ ലിനു തോമസ് നേരെ നഴ്‌സുമാരുടെ മുറിയിലേക്കാണ് കയറിച്ചെന്നത്.

കൈവശമുണ്ടായിരുന്ന എയർഗൺ ജീവനക്കാർക്ക് നേരെ ചൂണ്ടി ഭീഷണിപ്പെടുത്തിയ ഇയാൾ, തോക്ക് മേശപ്പുറത്ത് വെച്ച് “ഇത് ഇവിടെ ഇരിക്കട്ടെ” എന്ന് ആക്രോശിച്ചു. ഭയന്നുപോയ ജീവനക്കാർ ഉടൻ തന്നെ മെഡിക്കൽ ഓഫീസറെ വിവരമറിയിച്ചു. മെഡിക്കൽ ഓഫീസറും മറ്റ് ജീവനക്കാരും സ്ഥലത്തെത്തിയപ്പോഴേക്കും ലിനു തോമസ് വാഹനവുമായി അവിടെനിന്ന് കടന്നുകളഞ്ഞു.

ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് കീഴ്വായ്പൂർ പോലീസ് നടത്തിയ തിരച്ചിലിൽ ലിനു തോമസിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ പരസ്പരവിരുദ്ധമായാണ് സംസാരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. താൻ ഒരു ഡോക്ടറാണെന്നാണ് പിടിയിലായ സമയത്ത് ഇയാൾ പോലീസിനോട് അവകാശപ്പെട്ടത്.

ലിനു തോമസ് ദീർഘകാലമായി വിവിധ അസുഖങ്ങൾക്ക് ചികിത്സയിലാണെന്നും ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നതായും പോലീസ് വ്യക്തമാക്കി. പ്രതിക്കെതിരെ കേസെടുത്തതായും കോടതി നിർദ്ദേശപ്രകാരം വൈദ്യപരിശോധനയ്ക്കും ചികിത്സയ്ക്കും വിധേയനാക്കുമെന്നും പോലീസ് അറിയിച്ചു